തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും തീവ്രമഴ തുടരും. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട് ഇല്ല. എന്നാൽ, പത്ത് ജില്ലകളിൽ അതിശക്‌തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഇന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധിയാണ്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് മാത്രമാണ് അവധിയുള്ളത്. ചേവായൂർ എൻജിഒ ക്വാർട്ടേഴ്‌സ് ഹൈസ്‌കൂൾ, കോഴിക്കോട് ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ, കോട്ടൂളി ജിഎൽപി സ്‌കൂൾ, മുട്ടോളി ലോലയിൽ അങ്കണവാടി എന്നിവക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റീമീറ്റർ വീതം ഉയർത്തി ജലം പുറത്തേക്ക് ഒഴുകുന്നുണ്ട്. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. വയനാട് മീനങ്ങാടി അമ്പലപ്പടിയിൽ മണ്ണിടിച്ചിലുണ്ടായി. കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. ദേശീയപാതയിലേക്ക് മണ്ണൊലിച്ചു എത്തിയതിനാൽ ഗതാഗത തടസമുണ്ടായി.
തൃശൂർ ചെമ്പുക്കാവിൽ വീട്ടുവളപ്പിൽ നിന്ന് തെങ്ങ് റോഡിലേക്ക് കടപുഴകി വീണു. ചെമ്പുക്കാവ്- പള്ളിമൂല റോഡിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വൈദ്യുതി പോസ്‌റ്റിലേക്കാണ് തെങ്ങ് വീണത്. കെഎസ്ഇബി ജീവനക്കാർ സ്‌ഥലത്തെത്തി തെങ്ങ് മുറിച്ചു നീക്കാനുള്ള നടപടികൾ തുടരുകയാണ്. കണ്ണൂരിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇരിട്ടി അയ്യൻകുന്നിൽ വീട് തകർന്നു. ആളപായമില്ല. കുട്ടനാട്ടിലും നിരവധി വീടുകളിൽ വെള്ളം കയറി.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി