തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം. ഇന്നും നാളെയും കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്‌ത്രീ മരിച്ചു. മട്ടന്നൂർ കൊളാരിയിൽ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിൽ വീണാണ് മരണം. മൂന്നാർ ഗ്യാപ്പ് റോഡിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി.
ലോവർ പെരിയാർ വൈദ്യുതി നിലയത്തിലേക്ക് വീണ്ടും മണ്ണിടിഞ്ഞ് വീണ് രണ്ട് ഫീഡറുകൾ തകർന്നു. കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം മുങ്ങി. താമരശേരി, കുറ്റ്യാടി ചുരങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് മരം വീണത്. ഫയർഫോഴ്‌സും ഹൈവേ പോലീസും വനംവകുപ്പ് ഉദ്യോഗസ്‌ഥരും എത്തി മരം മുറിച്ചു മാറ്റി.
കുറ്റ്യാടി ചുരം റോഡിൽ മരം വീണതിനെ തുടർന്ന് തടസപ്പെട്ട ഗതാഗതം രാവിലെയോടെ പുനഃസ്‌ഥാപിച്ചു. കനത്ത മഴയിലും കാറ്റിലും കണ്ണൂരിലും കാസർഗോഡും വീടുകൾ തകർന്നു. പലയിടത്തും ഇലക്‌ട്രിക് പോസ്‌റ്റുകൾ വീണ് വൈദ്യുതി തടസപ്പെട്ടു. കല്ലാർകുട്ടി, പാബ്‌ള അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ട ജില്ലയിലും ഇന്നലെ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം ഉണ്ടായി.
പന്തളത്ത് ചുഴലിക്കാറ്റിൽ നിരവധി പോസ്‌റ്റുകളും മരങ്ങളും വീണു. പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ അരയാഞ്ഞിലിമൺ കോസ് വേ മുങ്ങി. വയനാട് പുൽപ്പള്ളിയിൽ വീടിന് മുറ്റത്തോട് ചേർന്ന 50 അടി താഴ്‌ചയുള്ള കിണർ ഇടിഞ്ഞുതാണു. കൊല്ലത്തെ തെങ്കാശി കുറ്റാലം വെള്ളച്ചാട്ടം, ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു.
ആലപ്പുഴയിൽ 31 വീടുകൾ ഭാഗികമായി തകർന്നു. നഗരത്തിൽ മട്ടാഞ്ചേരി പാലത്തിന് സമീപം രാവിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്കേറ്റു. സ്‌കൂട്ടറിൽ വരികയായിരുന്നു ആറാട്ടുവഴി സ്വദേശികളായ ഉനൈസ്, ഭാര്യ അലീന എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. കഴിഞ്ഞ ദിവസം പാലക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ആഗോള മഴപ്പാത്തിയായ എംജെഒ (മാഡൻ ജൂലിയൻ ഓസിലേഷൻ) കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലേക്ക് നീങ്ങുന്നതാണ് മഴയ്‌ക്ക് കാരണം. മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്‌ക്ക് കുറുകെ നീങ്ങുന്നതാണ് എംജെഒ പ്രതിഭാസം. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. എംജെഒ സ്വാധീനത്താൽ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും ന്യൂനമർദ്ദങ്ങളും രൂപംകൊണ്ടേക്കും. കേരളത്തിൽ അഞ്ചുദിവസം കൂടി ഇടത്തരം മഴയ്‌ക്കോ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ അതിശക്‌തമായ മഴയ്‌ക്കോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴക്കൊപ്പം ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്.
Most Read| രാഹുലിന്റെ പാത പിന്തുടരാൻ വിജയ്; തമിഴ്‌നാട്ടിലുടനീളം കാൽനടയാത്ര








































