തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് പിന്നാലെ രണ്ട് ജില്ലകളിൽ ഉരുൾപൊട്ടൽ. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഏന്തയാറിലും, കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ മുസല്യാർ കോളജിന് സമീപവും ഉരുൾപൊട്ടി.
പത്തനംതിട്ട ജില്ലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. കൂടാതെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ മിക്കവയും പൂർണമായും വെള്ളത്തിലാകുകയും ചെയ്‌തു.
സംസ്‌ഥാനത്ത് നിലവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിൽ ഓറഞ്ച് അലർടും, 2 ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മണിമലയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ വെള്ളം കയറിയതിനെ തുടർന്ന് എരുമേലി, മുണ്ടക്കയം ഭാഗത്തേക്ക് യാത്രാനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: പത്തനംതിട്ടയില്‍ വ്യാപക നാശനഷ്‌ടം; കക്കി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ കുറഞ്ഞു






































