തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. സംസ്‌ഥാനത്ത് മഴക്കെടുതികളും രൂക്ഷമാണ്. പല ജില്ലകളിലും രാത്രി മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും തുടരും. മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. മഴക്കെടുതിയിൽ ഇന്നലെ മാത്രം എട്ടുപേരാണ് മരിച്ചത്. ഒരാളെ കാണാതായി.
സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ആലപ്പുഴ, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി. എന്നാൽ, മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂർ ജില്ലയിൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് ഇന്ന് അവധി.
വയനാട് കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി. ജില്ലയിലെ ക്വാറി, മണ്ണെടുക്കൽ പ്രവർത്തനങ്ങൾക്ക് കളക്‌ടർ നിരോധനം ഏർപ്പെടുത്തി. പാലക്കാട് മലയോര മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. വെള്ളം കയറിയ കുട്ടനാട്ടിൽ ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചു. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നു.
ശക്‌തമായ കാറ്റിലും മഴയിലും എറണാകുളം ജില്ലയിൽ 31 വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചു. പെരിയാറിലും മൂവാറ്റുപുഴ ആറിലും ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പുഴ അണക്കെട്ട് തുറന്നതോടെ പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കുറ്റിപ്പുറം കാങ്കടവ് റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണ ജോലികൾ നിർത്തിവെച്ചു. പുഴയിൽ കുളിക്കുന്നതിനും മീൻ പിടിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി.
കാഞ്ഞിരപ്പുഴ അണക്കെട്ട് തുറന്നതോടെ ഭാരതപ്പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇന്നലെ വൈകിട്ട് ആറുമണിക്ക് 6.78 മീറ്ററാണ് പുഴയിലെ ജലനിരപ്പ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആദ്യമായാണ് നിലയിലെ ജലനിരപ്പ് ഇത്രയും ഉയരുന്നത്. കേരളത്തിൽ കാലവർഷം ശക്‌തമായി തുടരുകയാണ്. 22 വരെ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ തെക്കൻ ചൈന കടലിലും വിയറ്റ്നാമിനും മുകളിലുള്ള ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കും. ഇത് 19ന് പുതിയൊരു ന്യൂനമർദ്ദമായി മാറും.
Most Read| അപകീർത്തി പരാമർശം പാടില്ല; മമതക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം