പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് അച്ചൻകോവിലാർ കര കവിഞ്ഞൊഴുകുന്നു. പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. അച്ചൻകോവിലാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്തിരുന്നു. ഉരുൾപൊട്ടലിന്റെ സാധ്യതയും ഇവിടെ നിലനിൽക്കുന്നു.
പുലർച്ചെയോടെ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പമ്പ, മണിമല, അച്ചൻകോവിലാർ എന്നീ നദികളൊക്കെ കര കവിഞ്ഞൊഴുകുകയാണ്. കക്കി ആനത്തോർ ഡാമിൽ ഒരു മീറ്റർ കൂടി ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കേണ്ടി വരും. മൂഴിയാർ, മണിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മഴ കനത്താൽ മണിയാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും.
മണിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയാൽ കക്കാട്ട് ആറിലും പമ്പയാറിലും ജലനിരപ്പ് ഉയരും. ഈ നദികളുടെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നതിനാൽ ഗതാഗതത്തിനു നിയന്ത്രണമുണ്ട്. മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടത്തിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
തൃശൂർ ജില്ലയിലും കനത്ത മഴ തുടരുകയാണ്. പെരിങ്ങൽക്കുത്ത് ഡാമിന്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിത്തുടങ്ങി. പാലക്കാട് ജില്ലയിൽ അർധരാത്രി മുതൽ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടിയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
മലപ്പുറം കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. ഇടുക്കി ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെയാണ് യാത്രാ നിരോധനം. അവശ്യ സർവീസുകൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും നിരോധനം ബാധകമല്ല.
Must Read: നെടുമുടി വേണുവിന്റെ വിയോഗം സിനിമാ ലോകത്തിന്റെ നഷ്ടം; പ്രധാനമന്ത്രി







































