തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ ആകും മഴ കൂടുതൽ ശക്‌തമാകാൻ സാധ്യതയുള്ളത്. കാലവർഷക്കാറ്റുകൾ ശക്‌തി പ്രാപിക്കുന്നതിനൊപ്പം ജാർഖണ്ഡിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് ശക്‌തമായ മഴയ്‌ക്ക് കാരണം.
അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. കൂടാതെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് വ്യാഴാഴ്‌ച വരെ തുടരും.
Read also: ഇടുക്കിയിൽ മലയിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ കുടുങ്ങി







































