കോഴിക്കോട്: ഒന്നരവർഷം മുൻപ് കോഴിക്കോട്ട് നിന്ന് കാണാതായ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിലെ മുഖ്യ പ്രതിയെന്ന് കരുതുന്ന നൗഷാദ് കസ്‌റ്റഡിയിൽ. വിദേശത്തായിരുന്ന പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് എമിഗ്രേഷൻ വിഭാഗം കസ്‌റ്റഡിയിൽ എടുത്തത്. പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങാനായി കോഴിക്കോട്ടു നിന്നുള്ള പോലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.
ഗൾഫിലായിരുന്ന നൗഷാദിനായി പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സുൽത്താൻ ബത്തേരിയിലെ വീട്ടിൽ വെച്ച് നൗഷാദും കൂട്ടാളികളും ഹേമചന്ദ്രനെ കൊലപ്പെടുത്തി മൃതദേഹം തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തിൽ കുഴിച്ചിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതേസമയം, കൊലപാതകം നടത്തിയിട്ടില്ലെന്നും ഹേമചന്ദ്രൻ ബത്തേരിയിലെ വീട്ടിൽ വെച്ച് ജീവനൊടുക്കിയതാണെന്നുമാണ് നൗഷാദിന്റെ വാദം.
ഹേമചന്ദ്രന്റേത് ആത്‍മഹത്യ ആണെന്നും മൃതദേഹം റീ പോസ്‌റ്റുമോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മായനാട്ട് നിന്ന് 2024 മാർച്ച് 20നാണ് ബത്തേരി പുറാല വിനോദ് ഭവനിൽ ഹേമചന്ദ്രനെ (54) കാണാതായത്. തമിഴ്‌നാട് ചേരമ്പാടിയിൽ വനത്തിനുള്ളിൽ കുഴിച്ചിട്ട നിലയിൽ ഇക്കഴിഞ്ഞ ജൂൺ 28നാണ് മൃതദേഹം കണ്ടെത്തിയത്. കേരള, തമിഴ്‌നാട് പോലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
സംഭവത്തിൽ ബത്തേരി നെൻമേനി പാലാക്കുനി സ്വദേശി ജ്യോതിഷ് കുമാർ (35), വെള്ളപ്പന വള്ളുവാടി കിടങ്ങനാട് സ്വദേശി ബിഎസ് അജേഷ് (അപ്പു-27) എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. അതേസമയം, ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരണത്തിന് മുൻപ് മർദ്ദനമേറ്റ അടയാളങ്ങളും മൃതദേഹത്തിൽ ഉണ്ടെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി