പെട്രോൾ പമ്പിലേത് പൊതുശുചിമുറിയല്ല, ഉപയോക്‌താക്കൾക്ക് മാത്രം; ഹൈക്കോടതി

പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്നും ഉപയോക്‌താക്കൾക്ക് മാത്രമേ ഉപയോഗിക്കാനാകൂവെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

By Senior Reporter, Malabar News
High Court
Ajwa Travels

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളെ സംബന്ധിച്ച് നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്നും ഉപയോക്‌താക്കൾക്ക് മാത്രമേ ഉപയോഗിക്കാനാകൂവെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. സർക്കാരിന് തിരിച്ചടിയാണ് കോടതി വിധി.

പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്‌ഞാപനം ചെയ്‌തിരുന്നു. പെട്രോളിയം ട്രേഡേഴ്‌സ് ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ റിട്ട് ഹരജിയിലാണ് ജസ്‌റ്റിസ്‌ സിഎസ് ഡയസിന്റെ ഇടക്കാല ഉത്തരവ്. പെട്രോൾ പമ്പുകളിലെ ശുചിമുറികളിൽ പൊതുജനങ്ങളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹരജി. കേരള സർക്കാരാണ് കേസിൽ എതിർസ്‌ഥാനത്തുള്ളത്.

പൊതുജനങ്ങൾക്ക് പമ്പിലെ ശുചിമുറി ഉപയോഗിക്കാനായി തുറന്ന് നൽകണമെന്ന് ഉടമകളെ നിർബന്ധിക്കരുതെന്ന് സംസ്‌ഥാന സർക്കാരിനും തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനും കോടതി നിർദ്ദേശം നൽകി. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഹരജിക്കാർ കോടതിയെ അറിയിച്ചത്.

പമ്പുകളിൽ പെട്രോളും ഡീസലും അടിക്കാൻ എത്തുന്നവർക്ക് അടിയന്തിര സന്ദർഭത്തിൽ ഉപയോഗിക്കുന്നതിനാണ് ശുചിമുറി. എന്നാൽ, അത് പൊതു ശുചിമുറിയാക്കണമെന്നാണ് സർക്കാരും തിരുവനന്തപുരം കോർപറേഷനും മറ്റുചില തദ്ദേശ സ്‌ഥാപനങ്ങളും ആവശ്യപ്പെടുന്നത്. ചില പെട്രോൾ പമ്പുകൾക്ക് മുന്നിൽ പൊതുശുചിമുറി എന്ന വിധത്തിൽ പോസ്‌റ്ററുകൾ പോലും വയ്‌ക്കുന്ന സാഹചര്യമാണുള്ളത്.

ഇതുമൂലം പൊതുജനങ്ങൾ ശുചിമുറി ഉപയോഗിക്കാൻ പമ്പുകളിൽ എത്തുകയും അത് പമ്പുകളുടെ പ്രവർത്തനം താളം തെറ്റിക്കുകയും ചെയ്യുന്നു. ഏറെ അപകടസാധ്യതാ മേഖല കൂടിയായ പമ്പുകളിൽ പലപ്പോഴും ശുചിമുറിയെ ചൊല്ലി വഴക്കുകളും മറ്റും ഉണ്ടാകാറുണ്ട്. ചിലപ്പോൾ ടൂറിസ്‌റ്റ് ബസുകളിലും മറ്റും എത്തുന്ന യാത്രക്കാർ പോലും ശുചിമുറി സൗകര്യം ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ തങ്ങളുടെ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് പമ്പുടമകൾ കോടതിയെ സമീപിച്ചത്.

Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE