കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിക്കെത്തിയ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സംഭവിച്ച അപകടത്തിൽ സംഘാടകർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മനുഷ്യ ജീവന് വിലയില്ലാതായി. മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിർത്തിവെക്കാൻ സംഘാടകർ തയ്യാറായോയെന്നും കോടതി ചോദിച്ചു.
നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്റെ വിമർശനം. പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ ഉടമ നിഘോഷ് കുമാർ, സിഇഒ അബ്‌ദുൽ റഹിം, നിഘോഷിന്റെ ഭാര്യ സി. മിനി എന്നിവർക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നു.
സാമ്പത്തിക തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. ഈ കേസിലാണ് മൂന്നുപേരും മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ ഹരജി നൽകിയത്. ”എന്തൊരു ക്രൂരതയാണിത്. ഒരാൾ വീണ് തലയ്‌ക്ക് പരിക്കേറ്റു. അരമണിക്കൂർ നേരത്തേക്കെങ്കിലും പരിപാടി നിർത്തിവെക്കാമായിരുന്നില്ലേ. എംഎൽഎയെ ആശുപത്രിയിൽ എത്തിക്കുന്നതുവരെ കാത്തിരിക്കാമായിരുന്നില്ലേ?
പരിപാടി നിർത്തിവെച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു? മനുഷ്യ ജീവന് വിലയില്ലേ? എംഎൽഎയോ ആരോ ആയിക്കോട്ടെ, ഒരു സാധാരണക്കാരന് പോലും പരിക്ക് പറ്റിയാൽ നിങ്ങൾ പരിപാടി നിർത്തിവെക്കണമായിരുന്നു. തലയിടിച്ചാണ് അവർ വീണത്. അതിന് ശേഷവും നിങ്ങൾ ചെണ്ടയും മറ്റുമായി ആഘോഷത്തോടെ പരിപാടി തുടർന്നു”- കോടതി കുറ്റപ്പെടുത്തി.
നൃത്തപരിപാടിയിൽ പങ്കെടുത്തവരിൽ നിന്ന് സംഘാടകർ എന്ത് അടിസ്‌ഥാനത്തിലാണ് പണം വാങ്ങിയതെന്നും കോടതി ആരാഞ്ഞു. ഇത്രയും ഗൗരവമുള്ള കേസിൽ എങ്ങനെയാണ് പ്രതികൾക്ക് ഇടക്കാല ജാമ്യം ലഭിച്ചതെന്നും കോടതി ചോദിച്ചു. പരിപാടിയുടെ ബ്രോഷർ, നോട്ടീസ് ഉൾപ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാനും സംഘാടകർക്ക് കോടതി നിർദ്ദേശം നൽകി. ഹരജി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.
മൃദംഗവിഷൻ സംഘടിപ്പിച്ച ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള മെഗാ ഭരതനാട്യ പരിപാടിയുടെ ഉൽഘാടന ചടങ്ങിന് തൊട്ടുമുമ്പാണ് ഉമാ തോമസ് എംഎൽഎ വേദിയിൽ നിന്ന് താഴേക്ക് വീണ് പരിക്കേറ്റത്. 15 അടിയോളം ഉയരമുള്ള സ്‌റ്റേജിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റിൽ തലയിടിച്ചുവീണ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിലാണ് എംഎൽഎ.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം