കൊച്ചി: കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിന്റെ പരിണിതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം.
കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്‌തുക്കൾ എന്തൊക്കെയെന്ന വിവരം സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. രണ്ടാഴ്‌ചയ്‌ക്ക് ശേഷം കേസ് പരിഗണിക്കുമ്പോൾ ഇതുസംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കണമെന്നും കോടതി നിർദ്ദേശം നൽകി. ആകെ 643 കണ്ടെയ്‌നറുകളാണ് ആലപ്പുഴയ്‌ക്ക് സമീപം മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന കാർഗോ ഷിപ്പിൽ ഉണ്ടായിരുന്നത്.
13 കണ്ടെയ്‌നറുകളിൽ കാൽസ്യം കാർബൈഡ് ഉൾപ്പടെയുള്ള അപകടകരമായ വസ്‌തുക്കളും ഉണ്ടായിരുന്നു. ഇതുകൂടാതെ കപ്പലിലെ ഇന്ധനം കടലിൽ പടരുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഈ പശ്‌ചാത്തലത്തിലാണ് കോടതിയുടെ നിർദ്ദേശം. കഴിഞ്ഞ മാസം 24ന് ശനിയാഴ്‌ചയാണ് 600ലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ ചെരിഞ്ഞത്.
ഞായറാഴ്‌ച കപ്പൽ പൂർണമായി കടലിൽ മുങ്ങിയിരുന്നു. കപ്പലിൽ നിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. സംസ്‌ഥാനത്തിന്റെ തെക്കൻ തീരത്ത് വൻ പാരിസ്‌ഥിതിക ഭീതി ഉയർത്തി ആലപ്പുഴ സ്‌പിൽവേയിൽ നിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. 24 ജീവനക്കാരെ കപ്പലിൽ നിന്ന് നാവികസേനയും തീരസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
കപ്പൽ അപകടം സർക്കാർ സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കപ്പൽ അവശിഷ്‌ടത്തിന്റെ ഗുരുതരമായ പാരിസ്‌ഥിതിക- സാമൂഹിക- സാമ്പത്തിക ആഘാതം കണക്കിലെടുത്തായിരുന്നു തീരുമാനം. നാല് ജില്ലകളിലെ മൽസ്യത്തൊഴിലാളികൾക്ക് സർക്കാർ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മൽസ്യത്തൊഴിലാളികൾക്കാണ് ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 1000 രൂപയും ആറുകിലോ അരി വീതവും ഓരോ കുടുംബത്തിനും ലഭിക്കും.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം








































