കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ എൽസി ജോർജ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. തദ്ദേശ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെയായിരുന്നു എൽസി ഹൈക്കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഹരജി തള്ളിയത്. തിങ്കളാഴ്ച സമാനവിധത്തിലുള്ള അഞ്ച് ഹരജികൾ തള്ളിയിരുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അഭിഭാഷകയുമാണ് എൽസി ജോർജ്.
കടമക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി ഇല്ലാതായതോടെ എൽഡിഎഫും എൻഡിഎയും തമ്മിലാണ് ഇനി മൽസരം. എൽസിയെ പിന്തുണച്ചയാൾ ഒരേ ഡിവിഷനിൽ നിന്നുള്ളതല്ല എന്നതിനാലാണ് അവരുടെ പത്രിക വരണാധികാരി തള്ളിയത്. എന്നാൽ, റിട്ടേണിങ് ഓഫീസർ പത്രിക പരിശോധിച്ച് അനുമതി നൽകിയതാണെന്നും പിഴവ് ഉണ്ടായിരുന്നെങ്കിൽ അപ്പോൾ ചൂണ്ടിക്കാട്ടാമായിരുന്നു എന്നും ഹരജിക്കാരി വാദിച്ചു.
തുടർവാദം കേട്ട കോടതി, പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് സ്ഥാനാർഥിക്ക് ധാരണ ഉണ്ടായിരിക്കേണ്ടതല്ലേ എന്ന് ചോദിച്ചു. ഹരജിക്കാരിക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Most Read| നടിയെ ആക്രമിച്ച കേസ്; ഡിസംബർ എട്ടിന് വിധി പറയും







































