കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ ‘കാഫിർ’ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പോലീസിന് ഹൈക്കോടതി നോട്ടീസ്. പോലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് നിർദ്ദേശം നൽകി. രണ്ടാഴ്‌ചക്കകം അറിയിക്കാനാണ് കോഴിക്കോട് റൂറൽ എസ്‌പിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
വിവാദവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത യൂത്ത് ലീഗ് പ്രവർത്തകൻ പികെ മുഹമ്മദ് ഖാസിം നൽകിയ ഹരജിയിലാണ് കോടതി നടപടി. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കലാശക്കൊട്ടിന്റെ ദിവസമാണ് വിവാദ കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിക്കുന്നത്. പികെ മുഹമ്മദ് ഖാസിമിന്റെ പേരിലായിരുന്നു പോസ്‌റ്റ്.
തന്റെ പേരിൽ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ട് വ്യാജമാണെന്നും അതിന് പിന്നിലുള്ളവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ഖാസിം അന്നുതന്നെ വടകര പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതി അന്വേഷിക്കുന്നതിന് പകരം ഖാസിമിനെ പ്രതിചേർത്ത് കേസെടുക്കുകയാണ് പോലീസ് ചെയ്‌തത്. ഖാസിമിനെ ചോദ്യം ചെയ്യുകയും ഫോൺ പരിശോധിക്കുകയും ചെയ്‌തെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല.
പിന്നാലെ തന്റെ പേരിൽ പ്രചരിക്കുന്ന കാഫിർ സ്‌ക്രീൻ ഷോട്ടിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഖാസിം എസ്‌പിക്കും ജിപിക്കും പരാതി നൽകിയെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. ഇത് വലിയ രാഷ്‌ട്രീയ വിവാദമാവുകയും ചെയ്‌തു. ഇതിനിടെ ഹരജിയുമായി ഖാസിം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കാഫിർ പ്രയോഗമുള്ള വാട്‍സ് ആപ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച മുൻ എംഎൽഎ കെകെ ലതികയുടെ അടക്കം മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്‌ലിംമായും ഇടതു സ്‌ഥാനാർഥി കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു വിവാദ സ്‌ക്രീൻ ഷോട്ട്.
Most Read| മൽസരയോട്ടം വേണ്ട, മദ്യപിച്ചു വാഹനമോടിക്കുന്നവർക്ക് എതിരെ കർശന നടപടി- മന്ത്രി