തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയും അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളി വിഷയത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇടക്കാല റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി നിർദ്ദേശം. അടച്ചിട്ട കോടതിമുറിയിൽ രഹസ്യമായിട്ടായിരുന്നു നടപടികൾ.
റിപ്പോർട് സംബന്ധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പൂർണരൂപം പുറത്തുവന്നിട്ടില്ല. ശബരിമല ദേവസ്വം ബെഞ്ചിലെ ജസ്‌റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ, ആറാഴ്‌ചയ്‌ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും രണ്ടാഴ്‌ചയിലൊരിക്കൽ കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഹൈക്കോടതി എസ്ഐടിക്ക് നിർദ്ദേശം നൽകിയിരുന്നു.
ശബരിമലയിലെ വിലപ്പെട്ട വസ്‌തുക്കളുടെ കണക്കെടുക്കാൻ കോടതി നിയോഗിച്ച റിട്ട. ജസ്‌റ്റിസ് കെടി ശങ്കരനും ഇടക്കാല റിപ്പോർട് നൽകുന്നുണ്ട്. കേസ് ഇനി നവംബർ 15ന് പരിഗണിക്കും. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വർണക്കൊള്ളയ്‌ക്ക് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ ഇന്നലെ അന്വേഷണം സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു. ക്രൈം ബ്രാഞ്ച് ആസ്‌ഥാനത്ത് ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്‌തത്. ശബരിമലയിൽ നിന്ന് ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്‌മണ്യമാണെന്ന് ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം, അന്നത്തെ ചിത്രങ്ങൾ പരിശോധിച്ചതിലൂടെ പ്രത്യേക അന്വേഷണ സംഘവും സ്‌ഥിരീകരിച്ചിരുന്നു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ








































