കൊച്ചി: ക്ഷേമപെൻഷൻ കുടിശികയായതിൽ വീണ്ടും സംസ്‌ഥാന സർക്കാരിനോട് ചോദ്യങ്ങൾ ആരാഞ്ഞ് ഹൈക്കോടതി. കുടിശികയുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചുകൂടേയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. പെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പടെയുള്ളവരുടെ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.
പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിഹിതവും, സെസ് വഴി ലഭിക്കുന്ന തുക ഉൾപ്പടെ സർക്കാർ പെൻഷനായി നൽകുന്ന തുകയും അറിയിക്കാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ നൽകാനും കോടതി നിർദ്ദേശിച്ചു. കേന്ദ്ര വിഹിതവും സെസ് വിഹിതവും ലഭിച്ചിട്ടും പെൻഷൻ നൽകുന്നില്ലായെന്ന് മാറിയക്കുട്ടിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതോടെയാണ്, കുറച്ചെങ്കിലും പെൻഷൻ നൽകിക്കൂടെ എന്ന് കോടതി ആരാഞ്ഞത്. ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് എ മുഷ്‌താഖ് മുഹമ്മദ്, ജസ്‌റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും. അതേസമയം, ക്ഷേമപെൻഷൻ കുടിശികയുണ്ടെന്നും അത് മുഴുവൻ സമയബന്ധിതമായി കൊടുത്ത് തീർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു.
പ്രതിമാസം 1600 രൂപ നൽകുന്ന സാമൂഹിക ക്ഷേമ പെൻഷന്റെ അഞ്ച് ഗഡുക്കളാണ് കുടിശികയുള്ളത്. 2024 മാർച്ച് മുതൽ പെൻഷൻ കൃത്യമായി നൽകുന്നുണ്ട്. കുടിശിക 2024-25 സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡുക്കളായും 2025-26 സാമ്പത്തിക വർഷത്തിൽ മൂന്ന് ഗഡുക്കളായും വിതരണം ചെയ്യും. 4250 കോടി രൂപയാണ് കുടിശികയായി നൽകാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ തെറ്റായ സമീപനങ്ങളാണെന്ന് ആവർത്തിച്ച മുഖ്യമന്ത്രി, സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതവും കേന്ദ്രം വെട്ടിക്കുറച്ചെന്നും ആരോപിച്ചിരുന്നു.
Most Read| ബീച്ച് ആശുപത്രി പീഡനം; ആരോഗ്യ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്‌തു