കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി തിരികെയെത്തിക്കണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. ഇതോടെ, ശബരിമല സ്വർണപാളി വിവാദത്തിൽ ദേവസ്വം ബോർഡിന് തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതി വിധി.
ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശിയ പാളി തിരികെ എത്തിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കോടതി അനുമതിയില്ലാതെ സ്വർണപാളി ഇളക്കിയെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്.
കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താൻ പാടുള്ളൂവെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കിയാണ് കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട് നൽകിയത്.
ശബരിമല ശ്രീകോവിലിന് മുന്നിൽ ഇരുവശത്തുമുള്ള ദ്വാരപാലകരുടെ മുകളിൽ സ്ഥാപിച്ചിരുന്ന സ്വർണം പൂശിയ ചെമ്പ് പാളികളാണ് അറ്റകുറ്റപ്പണികൾ നടത്താൻ ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അനുമതിയോടെ, ഇത് നിർമിച്ച് സമർപ്പിച്ച ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയത്.
തിരുവാഭരണങ്ങളുടെ ചുമതലയുള്ള തിരുവാഭരണം കമ്മീഷണർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ശബരിമല അസി. എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം സ്മിത്ത്, വിജിലൻസ് പോലീസ് സബ് ഇൻസ്പെക്ടർ, ദേവസ്വം വിജിലൻസിലെ രണ്ട് പോലീസുകാർ, രണ്ട് ദേവസ്വം ഗാർഡ്, ഈ പാളികൾ വഴിപാടായി സമർപ്പിച്ച സ്പോൺസർമാരുടെ പ്രതിനിധി എന്നിവർ ചേർന്ന് സുരക്ഷിതമായ വാഹനത്തിലാണ് ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു.
അതേസമയം, ഹൈക്കോടതി നിർദ്ദേശത്തിനെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹരജി നൽകുമെന്നാണ് സൂചന. പുനഃപരിശോധനാ ഹരജി അംഗീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. താന്ത്രിക കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ശബരിമല തന്ത്രിയാണെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്ഭുത തടാകം