കൊച്ചി: കോഴിക്കോട് ആറുവയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയും കുട്ടിയുടെ പിതാവുമായ സുബ്രഹ്‌മണ്യൻ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംല ബീഗത്തിനും (ദേവിക അന്തർജനം) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി. രണ്ടുലക്ഷം രൂപ വീതം പിഴയും വിധിച്ചു.
ഇരുവർക്കുമെതിരെ ഹൈക്കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ തള്ളിയാണ് ഹൈക്കോടതി ജസ്‌റ്റിസ് വി. രാജ വിജയരാഘവൻ, ജസ്‌റ്റിസ് കെവി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വർഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്.
ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെ മകൾ ആറുവയസുകാരിയായ അദിതി 2013 ഏപ്രിൽ 29നാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു കുട്ടി മരിച്ചത്. കുട്ടിയുടെ ദേഹത്ത് പൊള്ളലും മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു.
അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെയും പ്രോസിക്യൂഷന്റെയും നിലപാട്. എന്നാൽ, വിചാരണ കോടതിയിൽ കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പെൺകുട്ടിയുടെ പത്തുവയസുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉൾപ്പടെ പരിഗണിക്കുമ്പോൾ കൊലപാതകത്തിന് മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.
കേസ് ഇങ്ങനെ
സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെ ആദ്യ വിവാഹത്തിനുള്ള കുട്ടികളായിരുന്നു അദിതിയും പത്തുവയസുകാരനായ സഹോദരിയും. ആദ്യ ഭാര്യ റോഡപകടത്തിൽ മരിച്ചു. തുടർന്നാണ് 2011ൽ റംല ബീഗത്തെ വിവാഹം കഴിച്ചത്. കുട്ടികളെ ഇല്ലാതാക്കുമായെന്ന ലക്ഷ്യത്തോടെ ഇരുവർക്കും ഭക്ഷണമടക്കം നിഷേധിച്ചു.
കുട്ടികളെ അടിക്കുന്നതും തൊഴിക്കുന്നതുമൊക്കെ പതിവായിരുന്നു. കഠിനമായ ജോലിയും ചെയ്യിപ്പിക്കുകയിരുന്നു. അദിതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചൂടുവെള്ളം ഒഴിക്കുകയും ചികിൽസ നിഷേധിക്കുകയും ചെയ്‌തു. ഇതിന്റെയെല്ലാം തുടർച്ചയായിട്ടാണ് കുട്ടി മരിച്ചത്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്





































