കൊച്ചി: ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ജാമ്യം തേടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആരോഗ്യത്തോടെ നടന്നുപോകുന്ന പ്രതികൾ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. ഇത്തരത്തിൽ ‘കുഴഞ്ഞുവീഴുന്ന’ പ്രവണത പ്രതികൾ അവസാനിപ്പിക്കണമെന്ന് ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.
പാതിവില തട്ടിപ്പ് കേസിലെ പ്രതി കെഎൻ ആനന്ദകുമാറിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. സംസ്‌ഥാനത്തെ ജയിലുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും മറ്റു തടവുകാർക്കും നൽകുന്ന വൈദ്യസഹായങ്ങളെ കുറിച്ച് റിപ്പോർട് നൽകാൻ കോടതി നിർദ്ദേശിച്ചു. പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാറിന്റെ പങ്ക് സംബന്ധിച്ച റിപ്പോർട് അന്വേഷണ ഉദ്യോഗസ്‌ഥനും സമർപ്പിക്കണം.
കേസ് വീണ്ടും അടുത്ത വെള്ളിയാഴ്‌ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് ആനന്ദകുമാറിനെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ഇന്നലെ ജാമ്യഹരജി പരിഗണിച്ചപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം തേടുന്ന പ്രവണത നല്ലതല്ലെന്ന് കോടതി വിമർശിച്ചിരുന്നു. പിന്നാലെയാണ് ഇന്നും വിമർശനം ഉയർന്നത്. ആനന്ദകുമാറിന് ആൻജിയോപ്‌ളാസ്‌റ്റി ശസ്‌ത്രക്രിയ നടത്തിയ കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ജയിലിൽ അദ്ദേഹത്തെ നോക്കാൻ ഉദ്യോഗസ്‌ഥരില്ലേ എന്ന് കോടതി ചോദിച്ചിരുന്നു.
തുടർന്നാണ് ആരോഗ്യ പ്രശ്‌നത്തിന്റെ പേരിൽ ജാമ്യം തേടുന്നതിനെതിരെ വിമർശനം ഉയർത്തിയത്. ”മെറിറ്റുണ്ടെങ്കിൽ ജാമ്യം അനുവദിക്കുന്നതിന് കുഴപ്പമില്ല. തടവുകാർക്ക് ആവശ്യമായ ചികിൽസ നൽകാനുള്ള സംവിധാനം ജയിലുകളിൽ ഉണ്ടല്ലോ. ആവശ്യമെങ്കിൽ അവരെ പുറത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ജയിൽ അധികൃതർക്ക് സാധിക്കും”- കോടതി ചൂണ്ടിക്കാട്ടി.
കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്‌ണന് നിരവധി പ്രമുഖരെ പരിചയപ്പെടുത്തി കൊടുത്തത് ആനന്ദകുമാറാണെന്ന് പൊലീസ് പറയുന്നു. ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് വൻ തോതിൽ പണവും എത്തിയിട്ടുണ്ട്. എന്നാൽ ഇത് സായ് ട്രസ്‌റ്റിനായി വാങ്ങിയതാണെന്നും വ്യക്‌തിപരമായ ആവശ്യങ്ങൾക്കല്ലെന്നുമാണ് ഇയാൾ കോടതിയെ അറിയിച്ചത്.
കേസിൽ രണ്ടാം പ്രതിയായ ആനന്ദകുമാർ ഒരു മാസത്തോളമായി ഒളിവിലായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഇയാളെ കസ്‌റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഫെബ്രുവരി 15നാണ് അഞ്ചംഗ ട്രസ്‌റ്റ് രൂപീകരിച്ചത്. ട്രസ്‌റ്റ് ചെയർമാനായ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്‌റ്റിൽ 5 അംഗങ്ങൾ ആണുള്ളത്. പ്രതി അനന്തു കൃഷ്‌ണൻ, ബീന സെബാസ്‌റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ