കൊച്ചി: ശബരിമല സന്നിധാനത്തെ പുതിയ ഭസ്‌മക്കുളത്തിന്റെ നിർമാണം തടഞ്ഞ് ഹൈക്കോടതി. ശബരിമല ഉന്നതാധികാര സമിതിയെ അറിയിക്കാതെ നിർമാണ പ്രവർത്തനം ആരംഭിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ദേവസ്വം ബോർഡ് ബെഞ്ച് നിർമാണം രണ്ടാഴ്‌ചത്തേക്ക് തടഞ്ഞത്. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ദിവസവും ഒട്ടേറെ ഭക്‌തർ വരുന്നയിടമാണ് ശബരിമല എന്ന് ചൂണ്ടിക്കാട്ടിയ ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവർ, ഇത്തരത്തിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ദേവസ്വം ബോർഡും പ്രസിഡണ്ടും ചേർന്ന് തീരുമാനം എടുത്താൽ പോരായെന്നും വ്യക്‌തമാക്കി. പോലീസ്, സ്‌പെഷ്യൽ കമ്മീഷണർ, ശബരിമല ഉന്നതാധികാര സമിതി എന്നിവരുമായി കൂടിയാലോചന നടത്തി വേണം ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്താനെന്നും കോടതി പറഞ്ഞു.
ഉന്നതാധികാര സമിതിയോട് ആലോചിക്കാതെ നിർമാണ പ്രവർത്തനം ആരംഭിച്ചത് ശരിയായ പ്രവണതയല്ലെന്നും ദേവസ്വം ബെഞ്ച് വിമർശിച്ചു. അതേസമയം, ഭസ്‌മക്കുളം മാറ്റുന്ന കാര്യം സ്‌പെഷ്യൽ കമ്മീഷണറെ അറിയിച്ചിരുന്നുവെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ബോർഡ് സാവകാശം തേടി. തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ രണ്ടാഴ്‌ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്.
രണ്ടാഴ്‌ചക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ ഞായറാഴ്‌ച ശബരിമല സന്നിധാനത്ത് പുതിയ ഭസ്‌മക്കുളത്തിനായി കല്ലിട്ടിരുന്നു. ശബരി ഗസ്‌റ്റ് ഹൗസിന് മുൻവശത്ത് കൊപ്രാക്കളത്തിന് സമീപമാണ് കുളത്തിന് സ്‌ഥലം തീരുമാനിച്ചിട്ടുള്ളത്. ശ്രീകോവിലിന് പടിഞ്ഞാറാണ് നിലവിലുള്ള ഭസ്‌മക്കുളം. ഇതിലേക്ക് മലിനജലം ഉറവയായി എത്തുന്നതിനാലാണ് പുതിയ കുളം നിർമിക്കാൻ തീരുമാനിച്ചത്.
Most Read| മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്- രാത്രി സഞ്ചാരത്തിന് വിലക്ക്








































