കൊച്ചി: നാളെ പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചിലവിന് ക്ഷേത്രഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കായിരുന്നു ക്ഷേത്രം ഫണ്ട് ഉപയോഗിക്കാമെന്ന നിർദ്ദേശം ഉണ്ടായിരുന്നത്.
യാത്രാ ചിലവുകൾക്ക് അതത് ക്ഷേത്രഫണ്ടിൽ നിന്ന് പണം നൽകാനായിരുന്നു നിർദ്ദേശം. മലബാർ ദേവസ്വം കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്. ക്ഷേത്ര ഫണ്ടിൽ നിന്ന് എന്തിന് പണം നൽകണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും മലബാർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഹരജി അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും.
ആഗോള അയ്യപ്പ സംഗമം നാളെ നടക്കാനിരിക്കെയാണ് മലബാർ ദേവസ്വം ബോർഡിന് തിരിച്ചടിയായി കോടതി ഉത്തരവ് വന്നിരിക്കുന്നത്. അതേസമയം, സംഗമത്തിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. വിവിഐപികൾ അടക്കം 3000ത്തിലധികം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും. മൂന്ന് സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക.
ശബരിമല മാസ്‌റ്റർ പ്ളാൻ ഉൾപ്പടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സ്‌പോൺസർമാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. ശബരിമല മാസ്‌റ്റർ പ്ളാൻ, തീർഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാർഗങ്ങൾ എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളാണ്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി