കൊച്ചി: മസാലബോണ്ട് കേസിൽ ഫെമ നിയമലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കിഫ്ബിക്ക് നൽകിയ നോട്ടീസിൻമേലുള്ള തുടർനടപടികൾ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. ഇഡി നടപടിക്കെതിരെ കിഫ്‌ബി നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
മുഖ്യമന്ത്രിക്കും കേരള സർക്കാരിനും കിഫ്ബിക്കും ആശ്വാസകരമാകുന്ന വിധിയാണിത്. മൂന്നുമാസത്തേക്കാണ് ജസ്‌റ്റിസ് വി.ജി അരുൺ സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഇഡിക്ക് നോട്ടീസയച്ച കോടതി, കേസിൽ വിശദമായ വാദം കേൾക്കണമെന്ന് വ്യക്‌തമാക്കി. സത്യവാങ്മൂലം സമർപ്പിക്കാൻ ഇഡിക്ക് നിർദ്ദേശം നൽകി.
ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും പരാതിയും ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കിഫ്‌ബി കോടതിയെ സമീപിച്ചത്. അടിസ്‌ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുത്തത് റിയൽ എസ്‌റ്റേറ്റ് പ്രവർത്തനമല്ലെന്നും കിഫ്‌ബി വാദിച്ചു. എന്നാൽ, കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് നൽകിയിരിക്കുന്നതെന്നും ഈ ഘട്ടത്തിൽ ഹരജി അപക്വമാണെന്നും അതിനാൽ നിലനിൽക്കില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാർ വാദം.
ദുരുദ്ദേശ്യത്തോടെയുള്ള പരാതിയാണ് ഇഡിയുടേതെന്നാണ് കിഫ്ബിക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ് വാദിച്ചത്. പരാതി അനുവദിച്ചാൽ കിഫ്ബിയെയും ഡയറക്‌ടർമാരെയും പീഡിപ്പിക്കുന്നതിനുള്ള ആയുധമായി അത് അധഃപതിക്കും. കിഫ്ബിക്കും അതിന്റെ ഡയറക്‌ടർമാർക്കും എതിരെയുള്ള ഇഡി നടപടിയുടെ സമയക്രമം നോക്കേണ്ടതാണ്.
2021 നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇഡിയുടെ ആദ്യ സമൻസ് വരുന്നത്. അടുത്തത് വരുന്നത് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ്. ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് കിഫ്‌ബി നോട്ടീസ് അയച്ചിരിക്കുന്നത്. കിഫ്‌ബി ഇടപാടിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല. കാരണം കാണിക്കൽ നോട്ടീസ് നിലനിൽക്കുന്നതല്ല. അതിനാൽ, പരാതിയും നോട്ടീസും നൽകണമെന്നും കിഫ്‌ബി വാദിച്ചു.
അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിരുന്നത്. മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്‌ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇഡി പറയുന്നത്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!







































