കൊച്ചി: കിഫ്‌ബി മസാലബോണ്ട് ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. മുഖ്യമന്ത്രിക്ക് ഉൾപ്പടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അയച്ച കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മുഖ്യമന്ത്രിയെ കൂടാതെ മുൻ മന്ത്രി തോമസ് ഐസക്കിനും കിഫ്‌ബി സിഇഒ കെഎം അബ്രഹാമിനും അയച്ച നോട്ടീസുകളും സ്‌റ്റേ ചെയ്‌തു.
അതേസമയം, കിഫബിക്കെതിരായ തുടർ നടപടി സ്‌റ്റേ ചെയ്‌ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഇഡി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഇഡി നടപടി നിയമവിരുദ്ധവും രാഷ്‌ട്രീയ പ്രേരിതവുമാണെന്ന് മുഖ്യമന്ത്രി നോട്ടീസിനെതിരെ നൽകിയ ഹരജിയിൽ പറഞ്ഞിരുന്നു.
അടിസ്‌ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് റിയൽ എസ്‌റ്റേറ്റ് ഇടപാടായോ നിരോധിത ഭൂമി വാങ്ങലായോ കണക്കാക്കാനാവില്ല. വികസനത്തിന് ഭൂമി അത്യാവശ്യമാണെന്നും ആർബിഐ മാർഗനിർദ്ദേശങ്ങൾ കിഫ്‌ബി ലംഘിച്ചിട്ടില്ലെന്നും ഹരജിയിൽ വിശദീകരിച്ചിരുന്നു.
മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്‌ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്ബിക്കും മുഖ്യമന്ത്രിക്കും തോമസ് ഐസക്ക്, കിഫ്‌ബി സിഇഒ കെഎം എബ്രഹാം എന്നിവർക്കും നോട്ടീസ് അയച്ചത്. മൂന്നുവർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നവംബർ അവസാനം നോട്ടീസ് നൽകിയത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































