കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി രംഗത്തെത്തിയതിന് പിന്നാലെ നിരുപാധികം മാപ്പ് അപേക്ഷിച്ച് ബോബി ചെമ്മണ്ണൂർ. സംഭവിച്ചതിൽ വിഷമമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നെന്നും ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ പറഞ്ഞു.
നാക്കുപിഴയാണ് ഉണ്ടായതെന്നും അതിനാൽ തുടർനടപടികൾ ഉണ്ടാകരുതെന്നുമുള്ള ബോബി ചെമ്മണ്ണൂരിന്റെ അപേക്ഷ ഹൈക്കോടതി സ്വീകരിച്ചു. രേഖാമൂലമുള്ള മാപ്പപേക്ഷ ബോബി ചെമ്മണ്ണൂർ കോടതിയിൽ സമർപ്പിക്കുമെന്ന് അഭിഭാഷകർ വ്യക്‌തമാക്കി. ജാമ്യവുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നാം തവണയാണ് കോടതി ബോബിയുടെ അഭിഭാഷകരെ വിളിച്ചുവരുത്തി സംസാരിച്ചത്.
സംഭവിച്ചതിൽ ബോബിക്ക് നല്ല വിഷമമുണ്ട്. നിരുപാധികം മാപ്പപേക്ഷിക്കുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നിറയെ മാദ്ധ്യമ പ്രവർത്തകരായിരുന്നു. അപ്പോൾ സംഭവിച്ച നാക്കുപിഴയായി കണ്ട് തുടർനടപടികളൊന്നും സ്വീകരിക്കരിക്കരുതെന്നും അഭിഭാഷകർ കോടതിയോട് പറഞ്ഞു. ബോബിയുടെ ജാമ്യം റദ്ദാക്കി അറസ്‌റ്റ് ചെയ്യുന്നതിലേക്ക് വരെ തങ്ങൾക്ക് കടക്കേണ്ടി വരുമെന്ന് കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
തടവുകാരെ സഹായിക്കാനാണ് ജാമ്യം ലഭിച്ചിട്ടും തലേന്ന് പുറത്തിറങ്ങാതിരുന്നതെന്ന് മാദ്ധ്യമങ്ങളോട് ബോബി പറഞ്ഞോ എന്നറിയാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ബോബിയുടെ ജാമ്യം റദ്ദാക്കാൻ നോട്ടീസ് നൽകാനും മടിക്കില്ലെന്ന് ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ ബോബിയുടെ അഭിഭാഷകരെ വിളിച്ചുവരുത്തിയ കോടതി, എന്തുകൊണ്ടാണ് ചൊവ്വാഴ്‌ച കാക്കനാട് ജില്ലാ ജയിലിൽ നിന്ന് ബോബി പുറത്തിറങ്ങാത്തതെന്ന് അന്വേഷിച്ചിരുന്നു.
പിന്നാലെ, രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്‌തു. വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കാനറിയാമെന്നും നാടകം വേണ്ടെന്നും ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. മറ്റ് പ്രതികൾക്ക് വേണ്ടി ജയിലിൽ തുടരുമെന്ന് പറയാൻ ബോബി ചെമ്മണ്ണൂർ ആരാണെന്നും ഹൈക്കോടതി ചോദിച്ചു. ബോബി സൂപ്പർ കോടതി ചമയേണ്ട. തനിക്ക് മുകളിൽ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനും കോടതിക്കറിയാമെന്നും ജസ്‌റ്റിസ് മുന്നറിയിപ്പ് നൽകി.
പിന്നാലെ, ഉച്ചയ്‌ക്ക് 12ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ബോബിയുടെ അഭിഭാഷകൻ നിരുപാധികം മാപ്പ് പറഞ്ഞു. പക്ഷേ, കോടതി അംഗീകരിച്ചില്ല. തടവുകാർക്ക് വേണ്ടിയാണോ ബോബി തലേന്ന് പുറത്തിറങ്ങാതിരുന്നതെന്ന് മാദ്ധ്യമങ്ങളോട് ബോബി പറഞ്ഞോ എന്നറിയിക്കാൻ കോടതി നിർദ്ദേശം നൽകി.
1.45ന് വിഷയം വീണ്ടും കേട്ടപ്പോൾ ബോബിയുടെ മാപ്പപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു. ”എന്തും വിലയ്‌ക്ക് വാങ്ങാമെന്നാണോ കരുതുന്നത്? ബോബി നിയമത്തിന് മുകളിലാണോ? ഹൈക്കോടതിയോടാണ് കളിക്കുന്നത്. തടവുകാരുടെ കാര്യമൊക്കെ അയാൾ നോക്കും ജുഡീഷ്യറി ഒന്നും വേണ്ട എന്നാണോ? ബോബിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനെ പോലും അയാൾ അപമാനിക്കുകയാണ് ചെയ്‌തത്.
അയാളുടെ ജാമ്യ ഉത്തരവ് എഴുതാൻ വേണ്ടി ഞാൻ 12.30ന് ഇറങ്ങി. എന്നിട്ടാണ് 3.30ന് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നിട്ടും അയാൾ നാടകം കളിക്കുകയാണോ? വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കാൻ നോട്ടീസ് അയക്കും. രണ്ടാഴ്‌ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ഒരുമാസത്തിനുള്ളിൽ വിചാരണ തുടങ്ങാനും ഉത്തരവിടും. അയാൾക്ക് പിന്നെ തടവുകാർക്കൊപ്പം ഇഷ്‌ടം പോലെ സമയം ചിലവിടാമല്ലോ. കോടതിയോട് യുദ്ധപ്രഖ്യാപനം നടത്തുകയാണല്ലേ?”- ഹൈക്കോടതി വിമർശിച്ചു.
ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്‌ച അറസ്‌റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്‌ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തിര പ്രാധാന്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം