കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ ബാങ്ക് വായ്‌പ എഴുതിത്തള്ളുന്നതിൽ തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകി ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്‌തംബർ പത്തിനകം തീരുമാനം അറിയിക്കാനാണ് നിർദ്ദേശം.
ഇക്കാര്യത്തിൽ കേന്ദ്രം വീണ്ടും സമയം ചോദിച്ചതോടെയാണ് ഹൈക്കോടതി അവസാനമായി ഒരു അവസരം കൂടി നൽകിയത്. ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്‌റ്റ്യൻ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വായ്‌പ എഴുതിത്തള്ളുന്നതിൽ നിലപാട് അറിയിക്കാൻ ഈവർഷം ജനുവരി 31നാണ് കോടതി ആദ്യമായി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കുന്നത്.
വായ്‌പ എഴുതിത്തള്ളാൻ കഴിയില്ലെന്നും മൊറട്ടോറിയം പ്രഖ്യാപിക്കാം എന്നുമായിരുന്നു തുടക്കം മുതൽ കേന്ദ്ര നിലപാട്. എന്നാൽ, വായ്‌പ എഴുതിത്തള്ളുന്നത് പരിഗണിക്കണമെന്ന് കോടതി വീണ്ടും നിർദ്ദേശിച്ചു. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിക്ക് ഇതിനുള്ള അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളാൻ അതോറിറ്റിക്ക് അധികാരം നൽകുന്ന 13ആം വകുപ്പ് ദുരന്തനിവാരണ നിയമത്തിൽ നിന്ന് ഒഴിവാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്‌തത്. ഇതോടെ, അതോറിറ്റി അല്ല തീരുമാനിക്കേണ്ടതെന്നും സർക്കാർ തീരുമാനം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
എന്നാൽ, ഇക്കാര്യം തീരുമാനിക്കുന്നതിൽ സമയം നീട്ടി ചോദിക്കുകയാണ് കേന്ദ്രം വീണ്ടും ചെയ്‌തത്. അതേസമയം, വയനാട് പുനരധിവാസത്തിനായി കേരളം 2200 കോടി രൂപയുടെ പാക്കേജ് ചോദിച്ചിട്ടുണ്ടെങ്കിലും ഒരുവർഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!