കൊച്ചി: ഹയർ സെക്കണ്ടറി അധ്യാപക സ്ഥലം മാറ്റം റദ്ദാക്കിക്കൊണ്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാരും ചില അധ്യാപകരും നൽകിയ ഹരജിയിലാണ് വിധി. ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോം സ്റ്റേഷൻ, ഇതര വിഭാഗ പട്ടികകൾ ട്രൈബ്യൂണൽ ഏപ്രിലിൽ റദ്ദാക്കിയത്.
ചട്ടപ്രകാരമുള്ള ഔട്ട്സ്റ്റേഷൻ വെയ്റ്റേജ് അനുവദിച്ചു. പുതുക്കിയ സ്ഥലംമാറ്റ പട്ടികയുടെ കരട് ഒരുമാസത്തിനകം പ്രസിദ്ധീകരിക്കണമെന്നും പരാതികൾ കൂടി പരിഗണിച്ചു അന്തിമ പട്ടിക തയ്യാറാക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ 8007 അധ്യാപകരെ ബാധിക്കുന്ന വിധിയാണിത്.
രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് സ്ഥലംമാറ്റ പട്ടിക ഫെബ്രുവരി 16ന് പുറത്തിറക്കിയത്. സ്വന്തം ജില്ലയിലേത് അടക്കം എല്ലാ ജില്ലകളിലേക്കുമുള്ള സ്ഥലം മാറ്റത്തിന് മറ്റു ജില്ലകളിൽ ജോലി ചെയ്ത കാലയളവ് (ഔട്ട്സ്റ്റേഷൻ സർവീസ്) പരിഗണക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ, സ്വന്തം ജില്ലയിലേക്കുള്ള സ്ഥലം മാറ്റത്തിന് മാത്രം ഔട്ട്സ്റ്റേഷൻ സർവീസ് പരിഗണിച്ചാൽ മതിയെന്നായിരുന്നു സർക്കാർ നിലപാട്.
ഇതനുസരിച്ചു പുനഃപരിശോധനാ ഹരജി നൽകിയെങ്കിലും എല്ലാ ഒഴിവുകളിലേക്കും ഔട്ട്സ്റ്റേഷൻ സേവനം പരിഗണിക്കണമെന്ന് ട്രൈബ്യൂണൽ വ്യക്തത വരുത്തി. അതിന് വിരുദ്ധമായി പുറത്തിറക്കിയ പട്ടികയാണ് റദ്ദാക്കിയത്. ഇടതുപക്ഷ അധ്യാപക സംഘടനയുടെ താൽപര്യ പ്രകാരമുള്ള പട്ടികയാണ് പുറത്തിറക്കിയതെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിച്ചിരുന്നു.
Most Read| കാണാതായ യുവതിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്! ഞെട്ടലിൽ നാട്ടുകാർ