ന്യൂഡെൽഹി: ആളുകൾ വീടുകൾക്കുള്ളിൽ പോലും മാസ്ക് ധരിക്കേണ്ട സമയമാണ് നിലവിൽ ഉള്ളതെന്ന് കേന്ദ്ര സർക്കാർ. വീടിനുള്ളിൽ പോലും മാസ്ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അഭിപ്രായപ്പെട്ടു. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ ഒരാളിൽ നിന്ന് 30 ദിവസത്തിനുള്ളിൽ 40 പേർക്ക് വരെ രോഗം പടരാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു.
ആവശ്യമായ മെഡിക്കൽ ഓക്സിജൻ രാജ്യത്ത് ലഭ്യമാണെന്നും എന്നാൽ ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കുക എന്നതാണ് വെല്ലുവിളിയെന്നും സർക്കാർ അറിയിച്ചു. വിദേശത്ത് നിന്ന് ഓക്സിജൻ ടാങ്കറുകൾ വാങ്ങുന്നതിനോ വാടകക്ക് എടുക്കുന്നതിനോ നടപടികൾ ആരംഭിച്ചുവെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, നിലവിലെ കോവിഡ് അവസ്ഥയെ കുറിച്ച് പരിഭ്രാന്തരാകരുതെന്ന് കേന്ദ്രം അഭ്യർഥിച്ചു. അനാവശ്യമായ പരിഭ്രാന്തി ഗുണത്തേക്കാളേറെ ദോഷം വരുത്തും. പരിഭ്രാന്തി മൂലം നിരവധിപേർ ആശുപത്രി കിടക്കകൾ കൈവശം വെക്കുന്നുണ്ടെന്നും എന്നാൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം മാത്രമേ ആശുപത്രികളിൽ പ്രവേശനം നേടാവൂവെന്നും സർക്കാർ അറിയിച്ചു.
Read also: യുവാക്കൾ രക്തദാനത്തിന് തയ്യാറാവണം; മുഖ്യമന്ത്രി







































