തിരുവനന്തപുരം: കേരളാ തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അപകട മേഖലകളിൽ ഉള്ളവർ മാറിത്താമസിപ്പിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി സൂക്ഷിക്കണം. കാലാവസ്‌ഥ മോശമായി തുടരുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മൽസ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്. സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്‌ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും