ന്യൂഡെൽഹി: ഡെൽഹി അതിർത്തിയിലേക്കുള്ള റോഡ് തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഹരിയാന സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച് കർഷകർ. കഴിഞ്ഞ വർഷം നവംബർ മുതൽ സിംഗു, തിക്രി അതിർത്തികളിൽ കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കർഷകർ ഹൈവേ (NH-44) ഉപരോധിക്കുകയാണ്.
“സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഹൈവേ ഗതാഗതം പുനഃസ്‌ഥാപിക്കുന്നതിന് ഹരിയാന സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് എല്ലാ കർഷക നേതാക്കളുടെയും തീരുമാനം. ഞങ്ങൾ ഇതിനോടകം റോഡിന്റെ ഒരു വശം തുറന്നുകൊടുത്തിട്ടുണ്ട്. ഡെൽഹി സർക്കാരും പോലീസുമാണ് റോഡുകൾ തടയുന്നത്,”- കർഷക നേതാവ് മൻജീത് സിംഗ് പറഞ്ഞു.
ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് ആണ് വെള്ളിയാഴ്‌ച 40ഓളം കർഷക യൂണിയനുകളുടെ കൂട്ടായ്‌മയായ സംയുക്‌ത കിസാൻ മോർച്ചയെ ചർച്ചക്ക് വിളിച്ചത്. സംസ്‌ഥാന സർക്കാരിന്റെ ഉന്നതാധികാര സമിതി(എച്ച്പിസി)യുമായി സോണിപത്തിലെ മുർത്താലിൽ ഞായറാഴ്‌ച രാവിലെ 11 മണിക്ക് ആണ് കൂടിക്കാഴ്‌ച നിശ്‌ചയിച്ചിരിക്കുന്നത്.
ഹൈവേ തടഞ്ഞുകൊണ്ടുള്ള സമരത്തിൽ പരിഹാരം കാണണമെന്ന് ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകളോടും കേന്ദ്ര സർക്കാരിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സർക്കാരുകൾ കാണുന്ന പരിഹാരം പക്ഷെ കർഷകരുടെ പ്രതിഷേധത്തിനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് ആവണമെന്നും കോടതി വ്യക്‌തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹരിയാന സർക്കാർ കർഷകരെ ചർച്ചക്ക് വിളിച്ചത്.
Most Read: ആഭ്യന്തര വിമാന സർവീസുകളിൽ 85 ശതമാനം യാത്രക്കാർക്ക് അനുമതി






































