തിരുവനന്തപുരം: ഹിജാബുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്‌ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഹിജാബ് അനിവാര്യമല്ലെന്ന കോടതി വിധിക്ക് പിന്നാലെയാണ് കേരള ഗവർണറുടെ പ്രതികരണം. രാജ്യ പുരോഗതിയിൽ മറ്റ് കുട്ടികളെ പോലെ മുസ്‌ലിം പെൺകുട്ടികൾക്കും സംഭാവന നൽകാൻ കഴിയുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
അതേസമയം ഹിജാബ് വിഷയത്തിൽ ഇടക്കാല വിധി ആവർത്തിക്കുകയാണ് ഹൈക്കോടതി ചെയ്‌തത്. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി ഇസ്‌ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന് വിധിച്ചു. യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ക്ളാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിലെ പിയു കോളേജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. വിധി പ്രഖ്യാപനത്തിന് മുന്നോടിയായി ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്‌ച മുതല്‍ 21 വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്‌തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം.
അതേസമയം സർക്കാർ തീരുമാനത്തെ അനുകൂലിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് ഉഡുപ്പി കോളേജിലെ വിദ്യാർഥികൾ വ്യക്‌തമാക്കി.
Most Read: വഖഫ് നിയമനങ്ങൾ പിഎസ്‌സിയ്‌ക്ക് തന്നെ വിടും; മന്ത്രി വി അബ്‌ദുറഹ്‌മാൻ







































