കേളകം: വേനല്‍ കടുക്കുന്നതോടെ വരള്‍ച്ചയുടെ വക്കിലായി മലയോരം. കടുത്ത വേനലില്‍ ബാവലി, ചീങ്കണ്ണി പുഴകള്‍ വറ്റി തുടങ്ങി. നിരവധിയാളുകള്‍ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന പുഴകളാണിവ. കൂടാതെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പും താഴ്ന്ന നിലയിലാണ്.
കൊട്ടിയൂര്‍ പഞ്ചായത്തിലെ പൊയ്യമല, ഒറ്റപ്ളാവ്, പാലുകാച്ചി, പന്നിയാംമല, കേളകം പഞ്ചായത്തിലെ അടക്കാത്തോട്, ചെട്ടിയാംപറമ്പ്, കുണ്ടേരി എന്നിവിടങ്ങളിലും കണിച്ചാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി വിവിധ പ്രദേശങ്ങളിലെ പുഴകളില്‍ തടയണകള്‍ നിര്‍മിച്ചിരുന്നു. ഇതേ പ്രകാരം ഈ വര്‍ഷവും വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തടയണ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് തടയണ നിര്‍മാണം.
കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാനായി കണിച്ചാര്‍ കാളികയത്ത് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇതു പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ ജലക്ഷാമത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കാനുള്ള സൗകര്യങ്ങള്‍ ഇത്തവണയും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഭൂഗര്‍ഭ ജലവിതാനവും വലിയ തോതില്‍ കുറയുന്നതായാണ് വിദഗ്ധാഭിപ്രായം. കാര്‍ഷിക മേഖലയെയും വേനല്‍ കടുത്തത് പ്രതികൂലമായി ബാധിക്കുന്നു. റബര്‍ പാലുല്പാദനം വന്‍തോതില്‍ കുറഞ്ഞു. ക്ഷീര കര്‍ഷകരും പ്രതിസന്ധി നേരിടുന്നുണ്ട്.
Malabar News: സികെ ജാനുവിന്റെ മുന്നണി പ്രവേശം; വയനാട്ടിലെ എന്‍ഡിഎയില്‍ ഭിന്നത






































