കോഴിക്കോട്: ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴിവെട്ടിത്തുറക്കുകയും, പ്രാചീനകേരള ചരിത്രപഠനത്തിന്റെ ഗതി തന്നെ മാറ്റുകയും ചെയ്‌ത പ്രമുഖ ചരിത്ര പണ്ഡിതൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് രാവിലെ 9.52ന് കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
ചരിത്രപണ്ഡിതൻ, അധ്യാപകൻ, സാഹിത്യ നിരൂപകൻ തുടങ്ങി വിവിധ മേഖലകളിൽ ഡോ. എംജിഎസ് നാരായണന്റെ സംഭാവനകൾ വിവരണങ്ങൾക്ക് അപ്പുറമാണ്. എംജിഎസ് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. കേരള ചരിത്ര പഠനങ്ങൾക്ക് രീതിശാസ്‌ത്രപരമായ അടിത്തറ പാകിയ അധ്യാപകനായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. ഭാഷാ വ്യാകരണത്തിലും പ്രാചീന ലിപികളിലും എംജിഎസ് നടത്തിയ പഠനങ്ങൾ സമാനതകളില്ലാത്തതാണ്.
1932 ഓഗസ്‌റ്റ് 20ന് പൊന്നാനിയിലാണ് മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എംജിഎസ് നാരായണൻ ജനിച്ചത്. പിതാവ് ഗോവിന്ദമേനോൻ ഡോക്‌ടറായിരുന്നു. പരപ്പനങ്ങാടി ബിഇഎം സ്‌കൂൾ, പൊന്നാനി എവി ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ പഠനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ഇന്റർമീഡിയറ്റ് പഠനത്തിന് ശേഷം തൃശൂർ കേരളവർമ കോളേജിൽ നിന്ന് ബിരുദവും മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ നിന്ന് ഹിസ്‌റ്ററിയിൽ ബിരുദാനന്തര ബിരുദവും നേടി.
അങ്ങനെയാണ് ചരിത്രപഠനത്തിന്റെ വഴിയിലേക്ക് എംജിഎസ് തിരിഞ്ഞത്. കേരള സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ പിഎച്ച്ഡി നേടി. ഗുരുവായൂരപ്പൻ കോളേജ്, കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ ചരിത്രവിഭാഗം തലവനായിരിക്കെ വിരമിച്ചു.
ഹൈസ്‌കൂൾ പഠനകാലത്ത് കവിതയെഴുത്തും ചിത്രംവരയും ഉണ്ടായിരുന്നു. കവിതയ്‌ക്ക് ധാരാളം സമ്മാനങ്ങൾ ലഭിച്ചിരുന്നു. ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള ‘പൊന്നാനിക്കളരി’യിൽ അംഗമായിരുന്നു. ഉറൂബ്, കടവനാട് കുട്ടികൃഷ്‌ണൻ, അക്കിത്തം തുടങ്ങിയവരുടെ ശിക്ഷണത്തിൽ എഴുതിത്തെളിഞ്ഞു. എം ഗോവിന്ദൻ പത്രാധിപരായ ‘മദ്രാസ് പത്രിക’ എന്ന മാസികയിലാണ് ആദ്യ കവിത അച്ചടിച്ചുവന്നത്.
മലയാളം, ഇംഗ്ളീഷ്, തമിഴ്, സംസ്‌കൃതം ഭാഷകളിലും ബ്രാഹ്‌മി, വട്ടെഴുത്ത്, ഗ്രന്‌ഥ ലിപികളിലും അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്. ലണ്ടൻ, മോസ്‌കോ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ സുപ്രധാന സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്‌റ്റോറിക്കൽ റിസർച്ചിന്റെ മെമ്പർ, സെക്രട്ടറി, ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
200ലേറെ പുസ്‌തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ഇന്ത്യാചരിത്രപരിചയം, സാഹിത്യാപരാധങ്ങൾ, കേരള ചരിത്രത്തിന്റെ അടിസ്‌ഥാനശിലകൾ, വാഞ്ഞേരി ഗ്രന്‌ഥവരി, സെക്കുലർ ജാതിയും സെക്കുലർ മതവും, കോഴിക്കോടിന്റെ കഥ, ജനാധിപത്യവും കമ്യൂണിസവും, കേരളത്തിന്റെ സമകാലിക വ്യഥകൾ, ചരിത്രകാരന്റെ കേരളദർശനം, കോഴിക്കോട്- ചരിത്രത്തിൽ നിന്ന് ചില ഏടുകൾ തുടങ്ങിയ പുസ്‌തകങ്ങളും പെരുമാൾസ് ഓഫ് കേരള, മലബാർ തുടങ്ങിയ ഗവേഷണ പ്രബന്ധങ്ങളുമാണ് പ്രധാന രചനകൾ.
അതിസങ്കീർണവും അതിസുന്ദരവുമായ ജീവിതത്തെ കറുപ്പിലോ വെളുപ്പിലോ അടയാളപ്പെടുത്താനാകില്ലെന്ന് എപ്പോഴും പറയാറുള്ള എംജിഎസ്, ചരിത്രത്തെ കെട്ടുകഥകളിൽ നിന്ന് മോചിപ്പിച്ച പണ്ഡിതനായാണ് ചരിത്രത്തിൽ ഇടം പിടിച്ചത്. ചരിത്രത്തെയും രാഷ്‌ട്രീയത്തെയും സമൂഹത്തെയും സംബന്ധിച്ച തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയാൻ മടി കാട്ടാതിരുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ, നിലപാടുകളിലെ കൃത്യതയും നിർഭയത്വവും കൊണ്ട് ആരാധകരെ സൃഷ്‌ടിക്കാനും അദേഹത്തിന് കഴിഞ്ഞിരുന്നു.
ഭാര്യ: പ്രേമലത. മക്കൾ: വിജയകുമാർ (വ്യോമസേനാ ഉദ്യോഗസ്‌ഥൻ), വിനയ (നർത്തകിയും മോഹിനിയാട്ടം ഗവേഷകയും). സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് മാവൂർ റോഡ് ശ്‌മശാനത്തിൽ.
Most Read| ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ





































