കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടതെന്നും അടക്കമുള്ള ബോബി ചെമ്മണ്ണൂരിന്റെ വാദങ്ങൾ തള്ളിയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്.
എറണാകുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജഡ്‌ജി എ അഭിരാമിയാണ് വിധി പുറപ്പെടുവിച്ചത്. വിധി കേട്ട ബോബി ചെമ്മണ്ണൂരിന് രക്‌തസമ്മർദ്ദം ഉണ്ടായതിനെ തുടർന്ന് ദേഹാസ്വാസ്‌ഥ്യമുണ്ടായി. അതിനിടെ, എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കി ബോബിയുമായി പോലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ബോബിയുടെ അനുകൂലികൾ റോഡിൽ പ്രതിഷേധവുമായി തടിച്ചുകൂടി.
പോലീസ് വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ഇതോടെ ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രദേശത്ത് സംഘർഷാവസ്‌ഥയുണ്ടായി. പിന്നാലെ, ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ബോബി നിയമത്തിൽ നിന്ന് ഒളിച്ചോടുന്ന ആളല്ലെന്നും കുറ്റം ചെയ്‌തിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം.
പ്രമുഖ അഭിഭാഷകരെ ഉൾപ്പടെ അണിനിരത്തി ബോബി ചെമ്മണ്ണൂർ ഉയർത്തിയ വാദങ്ങളെല്ലാം പൊളിച്ചുകൊണ്ടാണ് പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ഹണി തന്റെ വാദങ്ങൾ ഉയർത്തിയത്. തന്നെ നിരന്തരം പിന്തുടർന്ന് അധിക്ഷേപിച്ചുവെന്ന് പരാതിക്കാരി പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹണി റോസ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം കൂടുതൽ വകുപ്പ് ചുമത്തേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പ്രതി സമ്പന്നനും സ്വാധീനശേഷിയുമുള്ള ആളാണ്. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. വിദേശത്തടക്കം ബിസിനസ് ഉള്ളയാളാണ്. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. പിന്തുടർന്ന് അവഹേളിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞിട്ടുള്ളതിനാൽ പരാതിക്കാരിയെ അപായപ്പെടുത്താൻ സാധ്യതയുണ്ട്. പ്രതി ലൈംഗികാധിക്ഷേപം നടത്തി എന്ന് മാത്രമല്ല ഇത് പൊതു സമൂഹത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കി ഇതേ കുറ്റകൃത്യം ആവർത്തിച്ച് കൊണ്ടിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
അശ്‌ളീല ആംഗ്യങ്ങളിലൂടെയും ദ്വയാർഥ പ്രയോഗങ്ങളിലൂടെയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്‌ത്രീത്വത്തെ അപമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ എറണാകുളം പോലീസിൽ പരാതി നൽകിയത്. 2024 ഓഗസ്‌റ്റിൽ ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉൽഘാടനത്തിന് ചെന്നപ്പോൾ സംഭവിച്ച കാര്യങ്ങൾ പരാതിയിൽ നടി വ്യക്‌തമാക്കിയിട്ടുണ്ട്.
പിന്നാലെ ബോബിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. എറണാകുളം സെൻട്രൽ പോലീസും വയനാട് എസ്‌പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേർന്നാണ് ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ബോബിയെ കസ്‌റ്റഡിയിൽ എടുത്തത്. വയനാട് മേപ്പാടിയിൽ ‘1000 ഏക്കർ’ എന്ന പേരിൽ ബോബിക്ക് തേയില എസ്‌റ്റേറ്റും റിസോർട്ടുമുണ്ട്. ഈ റിസോർട്ടിൽ വെച്ചാണ് രാവിലെ പോലീസ് അതിനാടകീയമായി ഇദ്ദേഹത്തെ പിടികൂടിയത്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു