ന്യൂഡെൽഹി: എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഇത് അഞ്ചാം തവണയാണ് എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് ഹോങ്കോങ് വിലക്കേർപ്പെടുത്തുന്നത്. എയർ ഇന്ത്യയുടെ ഡെൽഹിയിൽ നിന്നുള്ള വിമാനങ്ങൾക്കാണ് യാത്രാവിലക്ക്. നവംബർ 20 മുതൽ ഡിസംബർ 3 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്‌ചയിൽ ഡെൽഹിയിൽ നിന്ന് ഹോങ്കോങ്ങിൽ എത്തിയ എയർ ഇന്ത്യ യാത്രക്കാരിൽ ചിലർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതിനെ തുടർന്നാണ് ഹോങ്കോങ്ങിന്റെ നടപടി.
വിമാന യാത്രക്ക് 72 മണിക്കൂർ മുൻപ് നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മാത്രമേ ഇന്ത്യയിൽ നിന്നും ഹോങ്കോങ്ങിലേക്ക് പ്രവേശന അനുമതിയുള്ളു. ഇതുകൂടാതെ, മറ്റു രാജ്യങ്ങളിൽ നിന്നും ഹോങ്കോങ്ങിലേക്ക് എത്തുന്ന യാത്രക്കാർ വിമാനത്താവളത്തിൽവെച്ചു തന്നെ കോവിഡ് പരിശോധനക്ക് വിധേയരാവുകയും വേണം.
നേരത്തെ ഓഗസ്‌റ്റ് 18 മുതൽ 31 വരെയും, സെപ്റ്റംബർ 20 മുതൽ ഒക്‌ടോബർ 3 വരെയും, നവംബർ 17 മുതൽ 30 വരെയും ഡെൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾക്കും കൂടാതെ ഒക്‌ടോബർ 28 മുതൽ നവംബർ 10 വരെ മുംബൈയിൽ നിന്നുള്ള വിമാനങ്ങൾക്കും ഹോങ്കോങ് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Read also: കശ്‌മീരിൽ പാക് വെടിവെപ്പ് വീണ്ടും; ഒരു ജവാന് വീരമൃത്യു






































