ന്യൂഡെൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഈ ആഴ്ചയുടെ തുടക്കത്തിൽ മുംബൈ-ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരിൽ ചിലർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യക്ക് ഹോങ്കോങ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്. നവംബർ 10 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് നാലാം തവണയാണ് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ് വിലക്ക് ഏർപ്പെടുത്തുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഓഗസ്റ്റ് 18 മുതൽ 31 വരെയും, സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 3 വരെയും ഒക്ടോബർ 17 മുതൽ 30 വരെയും വിലക്കേർപ്പെടുത്തിയിരുന്നു.
ഹോങ്കോങ് സർക്കാരിന്റെ നിയമമനുസരിച്ച് വിമാനയാത്രക്ക് മുൻപ് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ യാത്രക്കാർക്ക് ഹോങ്കോങ്ങിൽ പ്രവേശിക്കാം. ഇത് കൂടാതെ രാജ്യാന്തര യാത്രക്കാരെയെല്ലാം ഹോങ്കോങ് വിമാനത്താവളത്തിനുള്ളിൽ കോവിഡ് പരിശോധനക്ക് വിധേയരാക്കും.
ഇന്ത്യ കൂടാതെ ബംഗ്ളാദേശ്, എത്യോപ്യ, ഫ്രാൻസ്, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, റഷ്യ, ദക്ഷിണാഫ്രിക്ക, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഹോങ്കോങ്ങിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
Read also: ആരോഗ്യ സർവേ വിവരങ്ങൾ കൈമാറിയിട്ടില്ല; വിശദീകരണവുമായി ആരോഗ്യമന്ത്രി








































