പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. പന്തളം കൂരമ്പാലയിലാണ് സംഭവം. കൂരമ്പാല പത്തിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന് രാവിലെ 5.45നായിരുന്നു അപകടം.
രാജേഷ്, ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീട് പൂർണമായും തകർന്നു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ളീനർക്കും പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാവും അപകട കാരണമെന്നാണ് പോലീസ് പറയുന്നത്.
അതിനിടെ, എറണാകുളം ചക്കരപ്പറമ്പിൽ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്നുള്ള കോളേജ് വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്.
ബസിൽ 30 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലരയോടെ പോലീസും അഗ്‌നിരക്ഷാ സേനയും എത്തിയാണ് ബസ് ഉയർത്തിയത്.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം