കായംകുളം: ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത കപ്പലിൽ നിന്ന് കാണാതായ മലയാളി അനിൽകുമാർ സുരക്ഷിതൻ. യെമനിൽ നിന്ന് അദ്ദേഹം നാട്ടിലുള്ള ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടു. താൻ യെമനിൽ ഉണ്ടെന്നും ഉടൻ എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അനിൽ കുമാർ ഭാര്യ ശ്രീജയോട് പറഞ്ഞു. വെള്ളിയാഴ്‌ച പുലർച്ചെ 1.45ഓടെയാണ് ശ്രീജയുടെ ഫോണിലേക്ക് ആശ്വാസവിളി വന്നത്.
ഈമാസം ഏഴിനാണ് ഹൂതി വിമതരുടെ ഗ്രനേഡ് ആക്രണത്തിൽ കപ്പൽ മുങ്ങി സെക്യൂരിറ്റി ഓഫീസറായ അനിൽ കുമാർ അടക്കം 11 പേരെ കാണാതായത്. അനിൽ കുമാർ യെമനിലുണ്ടെന്ന് സൗദിയിലെ ഇന്ത്യൻ എംബസി സ്‌ഥിരീകരിച്ചെങ്കിലും യെമൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണോ അതോ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണോ എന്ന് വ്യക്‌തമല്ല.
അനിലിന്റെ ഫോൺവിളി വന്ന വിവരം ശ്രീജ എംബസി അധികൃതരെ അറിയിച്ചിട്ടുണ്ട്. യെമനിൽ നിന്ന് വിളിച്ച നമ്പറും കൈമാറിയിട്ടുണ്ട്. നിലവിൽ യെമനിൽ ഇന്ത്യക്ക് എംബസി ഇല്ലാത്തതിനാൽ സൗദി എംബസിക്കാണ് ചുമതല. ഇരു രാജ്യങ്ങളിലും ഇന്നലെ അവധി ദിവസമായതിനാൽ അനിൽ കുമാറിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥരും കാർത്തികപ്പള്ളി തഹസിൽദാറും വീട്ടിലെത്തി അനിലിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു. 25 പേരാണ് ആക്രമിക്കപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. മൂന്നുപേർ ആക്രമണത്തിൽ മരിച്ചു. ഒരാൾക്ക് മാരകമായി മുറിവേറ്റു. 21 പേർ കടലിൽ ചാടി. ഇതിൽ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്‌റ്റിൻ ഉൾപ്പടെ പത്തുപേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു. അനിൽ കുമാർ അടക്കമുള്ളവർ ജാക്കറ്റ് ധരിച്ച് കടലിൽ ചാടിയെങ്കിലും തിരയിൽ ദിശമാറിയതിനെ തുടർന്നാണ് കണ്ടെത്താൻ ബുദ്ധിമുട്ട് നേരിട്ടതെന്നാണ് വിവരം.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!