കാഞ്ഞങ്ങാട് : നായാട്ടിനിറങ്ങിയ ആളെ ഒൻപത് നാടൻ തോക്ക് സഹിതം വനംവകുപ്പുദ്യോഗസ്ഥർ പിടികൂടി. ചീമേനി പെട്ടിക്കുണ്ടിലെ കെവി വിജയൻ (59) ആണ് അറസ്റ്റിലായത്. പിക്കപ്പ് ജീപ്പിൽ പോകവെ, വെള്ളിയാഴ്ച വൈകിട്ട് കുന്നുംകൈ ഏച്ചിലാംകയത്തുവെച്ചാണ് വനംവകുപ്പിന്റെ ഫ്ളയിങ് സ്ക്വാഡ് പിടികൂടിയത്.
മൗക്കോടും ഏച്ചിലാംകയത്തുമായി രണ്ട് വാഹനത്തിലായാണ് ഉദ്യോഗസ്ഥർ നായാട്ടുസംഘത്തെ പിടികൂടാൻ നിലയുറപ്പിച്ചിരുന്നത്. മൗക്കോട് എത്തിയപ്പോൾ ഉദ്യോഗസ്ഥരെ കണ്ട് പിക്കപ്പ് ജീപ്പിലുണ്ടായവർ വാഹനം തിരിച്ചുവിട്ടു. മൗക്കോട്ട് നിലയുറപ്പിച്ച ഉദ്യോഗസ്ഥ സംഘം ഉടൻ ഏച്ചിലാകയത്തുള്ളവരെ വിവരമറിയിക്കുകയും അവർ വാഹനം റോഡിനു കുറുകെയിട്ട് വണ്ടി തടയുകയും ചെയ്തു.
അമിതവേഗത്തിൽ എത്തിയ പിക്കപ്പ് ജീപ്പ് റോഡിനു കുറുകെയിട്ട വനംവകുപ്പിന്റെ ജീപ്പിനിടിച്ചു നിൽക്കുകയായിരുന്നു. പിക്കപ്പ് ജീപ്പിന്റെ പിറകിൽ തോക്കും തിരകളും ചാക്കിൽ പൊതിഞ്ഞനിലയിലായിരുന്നു. ഡ്രൈവർ ഇറങ്ങിയോടി. പിടിയിലായ പ്രതിയെയും കസ്റ്റഡിയിലെടുത്ത ജീപ്പും കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസിൽ എത്തിച്ചു. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Also Read: നായയെ അകാരണമായി ചവിട്ടാൻ ശ്രമിച്ച യുവാവ് മലർന്നടിച്ചു വീണു; വീഡിയോ വൈറൽ








































