കൊച്ചി: പൊതു സ്ഥലത്ത് മാലിന്യം തള്ളിയ സംഭവം ചോദ്യം ചെയ്തതിന് കോർപ്പറേഷൻ കൗൺസിൽ അംഗത്തിനെ കാറിടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കൊച്ചി കോർപ്പറേഷൻ കൗൺസിൽ അംഗം സുജ ലോനപ്പന്റെ ഭർത്താവ് സിവി ലോനപ്പന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ലോനപ്പനെ ഇന്നലെ രാത്രി 9 മണിയോടെയാണ് കാറിടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചത്.
രാത്രിയിൽ കാറിലെത്തി പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചത് തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. കടവന്ത്ര 57ആം ഡിവിഷനിലെ അമലാഭവൻ റോഡിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു. മാലിന്യം തള്ളിയതിനെതിരേ കൗൺസിലറുടെ ഭർത്താവ് ചോദ്യം ചെയ്യുകയും ഈ മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് കാറിടിച്ച് അപകടപ്പെടുത്താൻ കാരണം.
ആക്രമണം നടന്നതിന് പിന്നാലെ സംഭവത്തിൽ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയുടെ ഭാഗത്തു നിന്ന് കേസ് പിൻവലിപ്പിക്കാൻ സമ്മർദമുണ്ടെന്ന് കൗൺസിലർ സുജ വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളെയും മറ്റും ഉപയോഗിച്ച് കേസ് പിൻവലിപ്പിക്കാനാണ് ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു.
Read also: കൂരാച്ചുണ്ടിൽ കോവിഡ് വ്യാപനം രൂക്ഷം; റോഡുകൾ അടച്ചു





































