കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. അബുദാബിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂരിൽ നിന്ന് ഇന്നലെ രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ മട്ടന്നൂർ ഇടവേലിക്കൽ കുഞ്ഞിപറമ്പത്ത് വീട്ടിൽ റിജിൽ (35), തലശേരി പെരുന്താറ്റിൽ ഹിമം വീട്ടിൽ റോഷൻ ആർ. ബാബു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയർവെയ്സിന്റെ വിമാനത്തിൽ വന്ന യാത്രക്കാരനാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്.
14 വാക്യം പായ്ക്കറ്റുകളിലായിട്ടായിരുന്നു 18 കിലോ കഞ്ചാവ് ട്രോളി ബാഗിൽ അടക്കിവെച്ചിരുന്നത്. ഇയാളിൽ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തി കാത്തുനിൽക്കുകയായിരുന്നു കണ്ണൂർ മട്ടന്നൂർ സ്വദേശികളായ റോഷനും റിജിലും. ഇവരാണ് ആദ്യം പോലീസിന്റെ പിടിയിലായത്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളോട് ചോദിച്ചപ്പോൾ, വെറുതെ കറങ്ങാനും ഫോട്ടോ എടുക്കാനുമാണ് വിമാനത്താവളത്തിൽ വന്നതെന്നായിരുന്നു ഇവരുടെ മറുപടി. തുടർന്ന് ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്തിന്റെ കഥയുടെ ചുരുളഴിഞ്ഞത്.
ബാങ്കോക്കിൽ നിന്നും അബുദാബി വഴി കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരന്റെ ഫോട്ടോകളും മറ്റ് വിവരങ്ങളും റോഷന്റെ ഫോണിലുണ്ടായിരുന്നു. യാത്രക്കാരന്റെ വിവരങ്ങൾ ശേഖരിച്ച് ട്രേസ് ചെയ്തപ്പോഴേക്കും ഇയാൾ വിമാനത്താവളം വിട്ടിരുന്നു. എയർപോർട്ട് ടാക്സിയിലാണ് ഇയാൾ പുറത്തേക്ക് പോയതെന്ന് മനസിലാക്കിയ പോലീസ് ടാക്സി ഡ്രൈവറെ തിരിച്ചറിഞ്ഞ് ഫോണിൽ ബന്ധപ്പെട്ടു.
ഡ്രൈവർ വാഹനത്തിന്റെ വേഗത കുറച്ചതോടെ അപകടം മണത്ത യാത്രക്കാരൻ, സിഗരറ്റ് വലിക്കാനെന്നും പറഞ്ഞ് കാറിൽ നിന്നും പുറത്തിറങ്ങി കടന്നുകളയുകയായിരുന്നു. തുടർന്ന് ഇയാളുടെ ലഗേജ് സാക്ഷികളുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാരനായി ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!