തിരുവനന്തപുരം: എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിന്റെ മലപ്പുറം എടപ്പാളിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി.
തിരുവനന്തപുരം പേട്ട പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മേഘയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ സുകാന്തും കുടുംബവും വീടുപൂട്ടി താമസം മാറിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിയ അന്വേഷണസംഘം, കുടുംബം അയൽവീട്ടിൽ ഏൽപിച്ചുപോയ താക്കോൽ വാങ്ങി വീട് തുറന്ന് പരിശോധിക്കുകയായിരുന്നു.
സുകാന്തിന്റെ മുറിയുടെ വാതിലിന്റെയും അലമാരയുടെയും പൂട്ട് തകർത്താണ് പരിശോധന നടത്തിയത്. ഒരു ഹാർഡ് ഡിസ്‌കും രണ്ട് പാസ്ബുക്കുകളും മുറിയിൽ നിന്ന് കണ്ടെടുത്തു. മുറിയിലുണ്ടായിരുന്ന മറ്റു രേഖകളും പരിശോധിച്ചു. പേട്ട എസ്‌ഐ ബാലു, സിവിൽ പോലീസ് ഓഫീസർ അൻസാർ, ചങ്ങരംകുളം സ്‌റ്റേഷനിലെ സീനിയർ സിപിഒ സബീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം, ഒളിവിൽപ്പോയ സുകാന്തിനെ കുറിച്ചുള്ള വ്യക്‌തമായ വിവരങ്ങൾ ഇനിയും പോലീസിന് ലഭിച്ചിട്ടില്ല. മരിക്കുന്നതിന് മുൻപ് മേഘ അവസാനമായി സംസാരിച്ചത് സുകാന്തിനോടാണെന്ന് അന്വേഷണ സംഘം സ്‌ഥിരീകരിച്ചിട്ടുണ്ട്. സുകാന്തിന്റെ ഫോൺ കോളിൽ നിന്നുണ്ടായ പ്രകോപനമാണ് ആത്‍മഹത്യ ചെയ്യാൻ മേഘയെ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോയിൽ ജോലി ചെയ്‌തിരുന്ന പത്തനംതിട്ട സ്വദേശിനിയായ മേഘയെ മാർച്ച് 24ന് രാവിലെയാണ് പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ വാഗ്‌ദാനം നൽകി സുകാന്ത് മേഘയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്‌തെന്നാണ് കുടുംബത്തിന്റെ പരാതി.
Most Read| യുഎസുമായി മറ്റു രാജ്യങ്ങൾ കരാറിൽ ഏർപ്പെടുന്നത് നോക്കിനിൽക്കില്ല; മുന്നറിയിപ്പുമായി ചൈന