തിരുവനന്തപുരം : വാഹനമോടിക്കുമ്പോൾ ബ്ളൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നതിന് എതിരെ ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ്. ഇനി മുതൽ ഇതിന് 2000 രൂപ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. മൊബൈൽ ഫോൺ കയ്യിൽ പിടിച്ച് വാഹനമോടിക്കുമ്പോൾ സംസാരിക്കുന്നത് പോലെ തന്നെ ശിക്ഷയർഹിക്കുന്ന കുറ്റമാണ് ബ്ളൂടൂത്ത് വഴിയുള്ള ഫോൺ സംഭാഷണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ കയ്യിൽ പിടിച്ച് സംസാരിക്കുന്നത് നേരത്തെ ലൈസൻസ് റദ്ദാക്കുന്ന കുറ്റമായിരുന്നു. തുടർന്ന് 2019 ലെ കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി പ്രകാരം ഈ കുറ്റത്തിന് 2000 രൂപ പിഴയായി ഈടാക്കാൻ തുടങ്ങി. ആദ്യ തവണ ശിക്ഷ ലഭിച്ചതിന് ശേഷം 3 വർഷത്തിനുളളിൽ ഇതേ കുറ്റത്തിന് വീണ്ടും പിടിയിലായാൽ 5000 രൂപയാണ് പിഴ.
കയ്യിൽ ഫോൺ പിടിച്ചു സംസാരിക്കുന്നതും ബ്ളൂടൂത്ത് വഴി സംസാരിക്കുന്നതും ഡ്രൈവിങ്ങിലെ ശ്രദ്ധയെ ബാധിക്കുമെന്നാണ് കമ്മീഷണറേറ്റ് വ്യക്‌തമാക്കുന്നത്. മറ്റൊരാളുടെ സംസാരത്തിൽ ശ്രദ്ധിക്കുമ്പോൾ കാഴ്‌ചയിലും മറ്റു പ്രവർത്തനത്തിലും പൂർണമായും ശ്രദ്ധിക്കാനാകില്ല. എന്നാൽ കാറിൽ പാട്ട് കേൾക്കുന്നത് ഇതിൽ ഉൾപ്പെടില്ലെന്നും, മറ്റൊരാളുമായുള്ള സംഭാഷണമാണ് ശ്രദ്ധ തിരിക്കുന്നതെന്നും കമ്മീഷണറേറ്റ് പറഞ്ഞു.
Read also : ഉദ്യോഗസ്‌ഥര്‍ ഗൗനിക്കുന്നില്ല; രാജിവെച്ച് ബിഹാര്‍ മന്ത്രി