കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാജ്യത്ത് ഒരിടത്തും നടക്കാത്ത സംഭവ വികാസങ്ങളാണ് ഇതെന്നും കോടതി പറഞ്ഞു. ഡോക്‌ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടൂവെന്നും കോടതി വ്യക്‌തമാക്കി.
പോലീസിന്റെ കൈയിൽ തോക്ക് ഉണ്ടായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ല. അക്രമങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്നും കോടതി ചോദിച്ചു. ജസ്‌റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തി കേസ് പരിഗണിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കുത്തേറ്റ് വനിതാ ഡോക്‌ടർ മരിച്ചത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി വന്ദനയാണ് (22) മരിച്ചത്. നെടുമ്പനയിലെ യുപി സ്‌കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപ് ആണ് ആക്രമിച്ചത്. ഇയാളുടെ അറസ്‌റ്റ് പൂയപ്പള്ളി പോലീസ് രേഖപ്പെടുത്തി. പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രിയിൽ വെച്ച് അക്രമാസക്‌തനായ പ്രതി ഡ്രസിങ് റൂമിലെ കത്രിക എടുത്ത് ഒപ്പമെത്തിയ ബന്ധുവായ ബിനുവിനെ കുത്തി. ഇത് കണ്ടു തടസം പിടിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു.
ഇതോടെ എല്ലാവരും ഓടിയൊളിച്ചു. ഡ്രസിങ് റൂമിൽ ഒറ്റപ്പെട്ടുപോയ ഡോക്‌ടറെ പ്രതി കഴുത്തിലും പുറത്തുമായി കുത്തി പരിക്കേൽപ്പിച്ചു. ഡോക്‌ടർക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിനും കുത്തേറ്റു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് മരണം. ആശുപത്രിയിലെ ഹോം ഗാർഡ്, കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എന്നിവർക്കും കുത്തേറ്റു.
Most Read: വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി








































