വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

ഡ്യൂട്ടിക്കിടയിൽ ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ ശക്‌തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്‌ടർ വന്ദനാ ദാസിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ അറിയിച്ചു.

By Trainee Reporter, Malabar News
Female doctor stabbed to death
Ajwa Travels

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ശക്‌തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. മുഖ്യമന്ത്രിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കിംസ് ആശുപത്രിയിലെത്തി വന്ദന ദാസിന്റെ മാതാപിതാക്കളെ കണ്ടു.

‘ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമായ സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡ്യൂട്ടിക്കിടയിൽ ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ ശക്‌തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്‌ടർ വന്ദനാ ദാസിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും’ മുഖ്യമന്ത്രി പ്രസ്‌താവനയിൽ അറിയിച്ചു.

അതേസമയം, യുവ ഡോക്‌ടറുടെ പരാതിയിൽ വ്യാപക പ്രതിഷേധമാണ് സംസ്‌ഥാനത്തൊട്ടാകെ നടക്കുന്നത്. പോലീസിന്റെ അടക്കം അനാസ്‌ഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. ആശുപത്രിയിൽ വെച്ച് അക്രമാസക്‌തനായ പ്രതി ഡ്രസിങ് റൂമിലെ കത്രിക എടുത്ത് ഒപ്പമെത്തിയ ബന്ധുവായ ബിനുവിനെ കുത്തി. ഇത് കണ്ടു തടസം പിടിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു.

ഇതോടെ എല്ലാവരും ഓടിയൊളിച്ചു. ഡ്രസിങ് റൂമിൽ ഒറ്റപ്പെട്ടുപോയ ഡോക്‌ടറെ പ്രതി കഴുത്തിലും പുറത്തുമായി കുത്തി പരിക്കേൽപ്പിച്ചു. ഡോക്‌ടർക്ക്‌ അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിനും കുത്തേറ്റു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് മരണം. ആശുപത്രിയിലെ ഹോം ഗാർഡ്, കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എന്നിവർക്കും കുത്തേറ്റു.

പ്രതിയായ സന്ദീപ് ലഹരിമരുന്നിന് അടിമയാണെന്നും പോലീസ് പറയുന്നു. എന്നാൽ, ആശുപത്രിയിൽ പ്രതിയെ എത്തിച്ചത് കൈവിലങ്ങ് പോലും ഇല്ലാതെയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. സംഭവത്തിൽ ഹൈക്കോടതിയും ഇടപെട്ടിട്ടുണ്ട്. ജസ്‌റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ഇന്ന് ഉച്ചക്ക് 1.45ന് പ്രത്യേക സിറ്റിങ്ങിൽ കേസ് പരിഗണിക്കും. അതിനിടെ, ഡോക്‌ടർ വന്ദനാ ദാസിന്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്‌തമാവുകയാണ്.

ഡോക്‌ടർക്ക്‌ അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയം ഇല്ലായിരുന്നുവെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന. ഇതിനെതിരെ പ്രതികരണവുമായി ഡോക്‌ടർമാരും പ്രതിപക്ഷ നേതാവും ഉൾപ്പടെ രംഗത്തെത്തി. എല്ലാ ഡോക്‌ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യമന്ത്രി പറയുകയെന്ന് വിഡി സതീശൻ വിമർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു സംസ്‌ഥാനത്തെ സർക്കാർ, സ്വകാര്യ ഡോക്‌ടർമാർ 24 മണിക്കൂർ പണിമുടക്ക് നടത്തുകയാണ്.

ഐഎംഎ, കെജിഎംഒഎ സംഘടനകൾ ആഹ്വാനം ചെയ്‌ത പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടർമാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പല ആശുപത്രികളിലും അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. കോട്ടയം മുട്ടുച്ചിറയിൽ വ്യാപാരിയായ കെജി മോഹൻ ദാസിന്റെയും വസന്ത കുമാരിയുടെയും ഏകമകളാണ് മരിച്ച വന്ദന.

Most Read: താനൂർ ബോട്ടപകടം; സ്രാങ്ക് ദിനേശൻ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE