എറണാകുളം: തൃക്കാക്കരയിൽ ക്രൂര മർദ്ദനമേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്നാണ് റിപ്പോർട്.
വെന്റിലേറ്ററിൽ നിന്ന് കുട്ടിയെ മാറ്റി. എങ്കിലും 48 മണിക്കൂർ നിരീക്ഷണം തുടരും. ശ്വാസതടസം കണ്ടാൽ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നേക്കാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വൈകുന്നേരത്തോടെ ട്യൂബ് വഴി ദ്രവ രൂപത്തിൽ ഭക്ഷണം നൽകാനാകുമെന്നാണ് പ്രതീക്ഷ.
അതിനിടെ, താന്‍ ഒളിവിലല്ലെന്ന് തൃക്കാക്കരയിൽ ക്രൂരമായി ആക്രമിക്കപ്പെട്ട രണ്ടര വയസുകാരിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ പ്രതികരിച്ചു. രണ്ടര വയസുകാരിക്ക് പരിക്കേറ്റത് കളിക്കുന്നതിനിടെ വീണാണ്. കുന്തിരിക്കം വീണാണ് കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റത്. അപസ്‌മാരം കണ്ടതോടെ താനാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും, നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പോലീസിനെ ചെന്ന് ഉടൻ കാണുമെന്നും ആന്റണി പറഞ്ഞു.
ആന്റണിയാണ് കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. കുട്ടിയുടെ മാതാവും ഒപ്പം താമസിക്കുന്ന ആന്റണിയുമാണ് കുട്ടിയെ മർദ്ദിച്ചതിന് പിന്നിൽ. കുട്ടിയുടെ മാതാപിതാക്കളായ തങ്ങളിരുവരും അകൽച്ചയിലാണ്. ഏഴ് മാസം മുമ്പാണ് തിരുവനന്തപുരത്തെ തന്റെ വീട്ടിൽ നിന്നും ഭാര്യയും മകളും എറണാകുളത്തേക്ക് പോയത്. പിന്നീട് തിരിച്ചു വന്നില്ല. ഭാര്യക്കൊപ്പമാണ് നിലവിൽ ഒളിവിലുള്ള ആന്റണി ടിജിൻ താമസിക്കുന്നത്. ആന്റണി സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പിതാവ് പറഞ്ഞിരുന്നു.
Most Read: മായാതെ ‘ലളിത കല’; ആദരമർപ്പിച്ച് സിനിമാ ലോകം, സംസ്‌കാരം വൈകിട്ട്