കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിൽ നടക്കും. വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. തൃപ്പൂണിത്തുറ ലായം റോഡിൽ പൊതുദർശനം 11 മണി വരെ തുടരും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിച്ച ശേഷം വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോകും.
തുടർന്ന് സംസ്‌കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ ഓർമ’ വീട്ടുവളപ്പിലാണ് നടക്കുക. അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ കെപിഎസി ലളിത ഇന്നലെ രാത്രി 10.20നാണ് അന്തരിച്ചത്. തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈൻ അപ്പാർട്മെന്റ്സിൽ, മകനും സംവിധായകനുമായ സിദ്ധാർഥിന്റെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം.
ഏറെ നാളായി കരൾ രോഗത്തിനും പ്രമേഹത്തിനും ചികിൽസയിൽ ആയിരുന്നു ലളിത. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസിൽ ദിലീപ്, കാവ്യ മാധവൻ, മഞ്‌ജു പിള്ള, ടിനി ടോം, ബാബുരാജ്, സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്‌ജലി അർപ്പിച്ചു.
Most Read: സ്വന്തം മകൻ അലർജി, തൊട്ടാൽ ശരീരം ചൊറിയും; അമ്മക്ക് അപൂർവ രോഗം