കൊച്ചി: അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ പ്രതിഭാധനയായ അഭിനേത്രി കെപിഎസി ലളിത എങ്കക്കാട് ദേശത്തെ ‘ഓർമ’ എന്ന വീട്ടിലേക്ക് അവസാന യാത്ര തിരിച്ചു. തൃപ്പൂണിത്തുറയിലെ ഫ്ളാറ്റ് ഓഡിറ്റോറിയത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിന് ശേഷം 11.30ഓടെയാണ് കെപിഎസി ലളിതയുടെ മൃതദേഹം കൊച്ചിയില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയത്.
വൈകിട്ട് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇന്നലെ രാത്രി 10.20നാണ് മലയാളികളെയാകെ കണ്ണീരിലാഴ്‌ത്തി മലയാളത്തിന്റെ മഹാനടി അരങ്ങൊഴിഞ്ഞത്. തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈൻ അപ്പാർട്മെന്റ്സിൽ, മകനും സംവിധായകനുമായ സിദ്ധാർഥിന്റെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. ഏറെ നാളായി കരൾ രോഗത്തിനും പ്രമേഹത്തിനും ചികിൽസയിൽ ആയിരുന്നു ലളിത.
അന്ത്യവിശ്രമം എന്തുകൊണ്ട് ‘ഓർമ’യിൽ?
1978ൽ ആലപ്പുഴ കായംകുളത്ത് നിന്ന് സംവിധായകൻ ഭരതന്റെ ഭാര്യയായി, തൃശൂരിന്റെ മരുമകളായാണ് ലളിത തൃശൂരിലേക്ക് എത്തുന്നത്. 1998ൽ ഭരതന്റെ മരണശേഷം ചെന്നൈയില്‍ നിന്ന് മടങ്ങിയ ലളിത തൃശൂരിനടുത്ത് വടക്കാഞ്ചേരിയിലെ ഭരതന്റെ ജൻമനാടായ ഏങ്കക്കാട് സ്വന്തമായി നിർമിച്ച വീടാണ് ‘ഓർമ’.
പിന്നീട് ഇവിടെ സ്‌ഥിരതാമസം ആക്കുകയായിരുന്നു. ‘ഓര്‍മ’ എന്ന പേരിലുള്ള ആ വീട്ടിലെത്തിയതോടെ ലളിത ആ നാടിന്റെ മരുമകളല്ല മകളായിത്തന്നെ മാറി. ഭരതന്‍ വടക്കാഞ്ചേരിക്കാര്‍ക്ക് എത്രയേറെ പ്രിയപ്പെട്ടവനായിരുന്നോ അതുപോലെ ലളിതയും പ്രിയപ്പെട്ടവളായി മാറി. വടക്കാഞ്ചേരിയിലെ എല്ലാ വേദികളിലും ലളിതയുടെ നിറസാന്നിധ്യം ഉണ്ടാകാറുണ്ടായിരുന്നു.
‘ഓർമ’യിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കാതിരുന്ന കെപിഎസി ലളിതയെ ഏറ്റവും ഒടുവിൽ അർധബോധാവസ്‌ഥയിലാണ് ഇവിടെ നിന്നും കൊണ്ടുപോയത്. കരൾമാറ്റ ശസ്‌ത്രക്രിയക്ക് ശേഷം ‘ഓർമ’യിൽ നിൽക്കണമെന്ന ആഗ്രഹം പറഞ്ഞതിനെ തുടർന്ന് ഇവിടേക്ക് കൊണ്ടുവന്നെങ്കിലും കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവിടെ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടായി. നേർത്ത ഓർമമാത്രം ശേഷിക്കെ ഇവിടെനിന്ന് കൊണ്ടുപോയ കെപിഎസി ലളിതയുടെ ചേതനയറ്റ ശരീരമാണ് അവസാനമായി ‘ഓർമ’യിൽ എത്തുന്നത്.
Most Read: അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യക്കുമൊപ്പം; സിനിമകളെത്തും മുൻപ് മടക്കം