രണ്ടാം ദിനവും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ; ഇന്നും കൂടുതൽ സർവീസുകൾ റദ്ദാക്കി

യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ടിക്കറ്റ് തുക പൂർണമായി മടക്കി നൽകുകയോ മറ്റൊരു ദിവസത്തേക്ക് യാത്രാ തീയതി നീട്ടി നൽകുകയോ ചെയ്യുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിട്ടുള്ളത്.

By Trainee Reporter, Malabar News
air india
Rep. Image
Ajwa Travels

കണ്ണൂർ: രണ്ടാം ദിനവും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ജീവനക്കാരുടെ പണിമുടക്ക് തുടരുന്നതിനാൽ ഇന്നും കൂടുതൽ സർവീസുകൾ റദ്ദാക്കി. കണ്ണൂരിലും കരിപ്പൂരിലും എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കി. കണ്ണൂരിൽ നിന്ന് നാല് സർവീസുകളാണ് റദ്ദാക്കിയത്. ഷാർജ, അബുദാബി, ദമാം, മസ്‌ക്കറ്റ് വിമാന സർവീസുകളാണ് റദ്ദാക്കിയത്.

മൂന്ന് സർവീസുകളാണ് കരിപ്പൂരിൽ നിന്ന് റദ്ദാക്കിയത്. രാവിലെ എട്ടിന് പുറപ്പെടേണ്ട അൽ ഐൻ, 8.50നുള്ള ജിദ്ദ, 9.30നുള്ള ദോഹ എന്നിവയാണ് റദ്ദാക്കിയ സർവീസുകൾ. 8.30ന് പുറപ്പെടേണ്ട തിരുവനന്തപുരം-മസ്‌ക്കറ്റ് എയർ ഇന്ത്യ എക്‌സ്‌പ്രസും റദ്ദാക്കിയിരുന്നു. വൈകിട്ട് നെടുമ്പാശേരിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള സർവീസും റദ്ദാക്കി. അപ്രതീക്ഷിത നീക്കത്തെ തുടർന്ന് യാത്രക്കാർ ഇന്നും വിമാനത്താവളങ്ങളിൽ പ്രതിഷേധിക്കുകയാണ്.

യുഎഇയിൽ നിന്ന് തിങ്കളാഴ്‌ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കി. ബുക്ക് ചെയ്‌തവരുടെ പണം എന്ന് തിരിച്ച് നൽകുമെന്നോ, യാത്ര എന്ന് പുനഃക്രമീകരിക്കുമെന്നോ അറിയിപ്പ് പോലും യാത്രക്കാർക്ക് നൽകിയിട്ടില്ല. ഇന്നലെ രാത്രിയും സംസ്‌ഥാനത്ത്‌ വിവിധയിടങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

ക്യാബിൻ ക്രൂ അംഗങ്ങൾ കൂട്ടത്തോടെ അവധിയെടുത്ത് സമരം നടത്തുന്നതാണ് എയർ ഇന്ത്യ സർവീസ് പ്രതിസന്ധിയിലായത്. 200ലധികം ജീവനക്കാർ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര- അന്താരാഷ്‌ട്ര സർവീസുകളാണ് ഇന്നലെ മുതൽ റദ്ദാക്കിയത്. ആഭ്യന്തര- അന്താരാഷ്‌ട്രവുമായി പ്രതിദിനം 360 സർവീസുകളാണ് എയർ ഇന്ത്യക്കുള്ളത്. ഇതിൽ പകുതിയോളം സർവീസുകൾ ഏതാനും ദിവസങ്ങൾക്കൂടി മുടങ്ങുമെന്നാണ് വിവരം.

അപ്രതീക്ഷിതമായി സർവീസുകൾ റദ്ദാക്കിയത് മൂലം നൂറുകണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. മുന്നറിയിപ്പ് ഇല്ലാതെ സർവീസുകൾ റദ്ദാക്കിയത് സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാരെ വലച്ചു. പലരും പുലർച്ചെ യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ ശേഷം മാത്രമാണ് വിവരം അറിഞ്ഞത്. ഇതോടെ, ബോർഡിങ് പാസ് ഉൾപ്പടെ കിട്ടി മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർ പലരും ക്ഷുഭിതരായി.

യാത്രക്കാരുടെ പ്രതിഷേധം കനത്തെങ്കിലും തുടക്കത്തിൽ വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം നൽകാൻ എയർ ഇന്ത്യ തയ്യാറായിരുന്നില്ല. പിന്നീടാണ്, ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കേണ്ടി വന്നതെന്ന് കമ്പനി അറിയിച്ചത്. ക്യാബിൻ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും, എയർ ഇന്ത്യയുടെ മാറ്റം അംഗീകരിക്കാനാവാത്തവരാണ് സമരത്തിന് പിന്നിലെന്നും അധികൃതർ ആരോപിച്ചിരുന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ചും എയർ ഇന്ത്യ രംഗത്തെത്തിയിരുന്നു.

യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ടിക്കറ്റ് തുക പൂർണമായി മടക്കി നൽകുകയോ മറ്റൊരു ദിവസത്തേക്ക് യാത്രാ തീയതി നീട്ടി നൽകുകയോ ചെയ്യുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിട്ടുള്ളത്. അതിനിടെ, അവധിയെടുത്ത് പ്രതിഷേധിക്കുന്ന ജീവനക്കാർക്കെതിരെ കമ്പനി കടുത്ത നടപടി തുടങ്ങിയെന്നാണ് വിവരം. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി.

ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്. കേരള സെക്‌ടറിൽ ആറുജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇന്ന് വൈകിട്ട് നാലിന് ചർച്ച നടക്കും.

Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE