നടന വിസ്‌മയം കെപിഎസി ലളിത അരങ്ങൊഴിഞ്ഞു

By Central Desk, Malabar News
Legendary actor KPAC Lalitha no more
Ajwa Travels

കൊച്ചി: അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ ചലച്ചിത്ര നടി കെപിഎസി ലളിത (മഹേശ്വരിയമ്മ) അന്തരിച്ചു. ചൊവ്വാഴ്‌ച രാത്രി 10.20ഓടെ തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈൻ അപ്പാർട്മെന്റ്സിൽ മകനും സംവിധായകനുമായ സിദ്ധാർഥിന്റെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇവർക്ക് 74 വയസായിരുന്നു.

1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നു. അതോടെ സ്‌കൂൾ വിദ്യാഭ്യാസം മുടങ്ങി. ഡാൻസിൽ ആരംഭിച്ച ഇവരുടെ ജീവിതം നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും വളർന്നു.

സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ ചലച്ചിത്രലോകത്ത് നിലനിന്ന ഇവർ 600ലേറെ സിനിമയിലാണ് അഭിനയിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർ പേഴ്‌സണായിരുന്നു. അക്കാദമിയുടെ ആദ്യ വനിതാ അധ്യക്ഷ എന്ന ബഹുമതി ഇവർക്കാണ്.

കെപിഎസി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന കേരള പീപ്പിൾ ആർട്‌സ്‌ ക്‌ളബ് എന്ന പ്രഫഷണൽ നാടക സംഘത്തിലൂടെ പ്രൊഫഷണൽ അരങ്ങിലേക്ക് എത്തിയ ഇവർ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും കരസ്‌ഥമാക്കി. ഇവരെഴുതിയ ‘കഥ തുടരും’ എന്ന ആത്‌മ കഥക്ക് ചെറുകാട് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

KPAC Lalitha passed away

ചങ്ങനാശേരി ഗീഥാ ആർട്‌സ്‌ ക്ളബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്‌സ്‌ ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെപിഎസിയുടെ പ്രൊഫഷണൽ അരങ്ങിലെത്തിയത്. മഹേശ്വരിയമ്മ എന്ന പേരിൽ തന്നെയായിരുന്നു അഭിനയം ജീവിതം ആരംഭിച്ചത്.

ഇടതുപക്ഷ രാഷ്‌ട്രീയ പ്രസ്‌ഥാനവുമായി അനുഭാവമുള്ള ചില വ്യക്‌തികൾ ചേർന്ന് 1950 കളിൽ രൂപീകരിച്ച കെപിഎസി, കമ്മ്യൂണിസ്‌റ്റ് ചിന്തകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധ കൊടുത്തിരുന്ന നാടക സംഘമായിരുന്നു. ഇവിടെ ഗായികയായാണ് തുടക്കം. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി.

KPAC Lalitha passed away

പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്‌തമായ നാടകങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് തോപ്പിൽ ഭാസിയാണ് ലളിത എന്ന പേരിട്ടത്. അത് പിന്നീട് കെപിഎസി ലളിത എന്നായി മാറി. യശശരീരനായ പ്രസിദ്ധ സംവിധായകൻ ഭരതൻ ഭർത്താവായിരുന്നു. 31ആം വയസിൽ 1978ലാണ് ഭരതന്റെ ഭാര്യയായത്. ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ എന്നിവർ മക്കളാണ്.

ആലപ്പുഴയിലെ കായംകുളം എന്ന സ്‌ഥലത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്‌ക്കത്തറല്‍ വീട്ടില്‍ കെ അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവി അമ്മ. സ്‌കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു ലളിതക്ക് താൽപര്യം. രാമപുരത്തെ സ്‌കൂളില്‍ വച്ചാണ് ആദ്യമായി നൃത്തവേദിയില്‍ കയറിയത്.

KPAC Lalitha passed away

വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചിരുന്ന ഇവർ പക്ഷെ, ആ മേഖലയിൽ കൂടുതൽ ശ്രദ്ധ നൽകിയിരുന്നില്ല. 22ആം വയസിലായിരുന്ന ആദ്യ സിനിമ. തോപ്പില്‍ ഭാസി സംവിധാനം ചെയ്‌ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌ക്കാരത്തിൽ ആയിരുന്നു ഇത്.

ഭർത്താവ് ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം ഗോഡ്‌ഫാദർ, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് സംസ്‌ഥാന പുരസ്‌കാരങ്ങൾ നേടിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇടതുപക്ഷ വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു ലളിത.

kpac lalitha with Sidharth Bharathan
മകൻ സിദ്ധാർഥിനൊപ്പം

രാവിലെ 11 വരെ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിൽ പൊതുദർശനം ഉണ്ടാകും. തുടർന്നു തൃശൂരിലേക്കു കൊണ്ടു പോകും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിച്ച ശേഷം വടക്കാഞ്ചേരിയിലേക്ക്. സംസ്‌കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ഓർമ’ വീട്ടുവളപ്പിൽ നടക്കും.

പ്രിയപ്പെട്ട ലളിതാമ്മയെ കാണാൻ വൻ ജനാവലിയാണ് തൃപ്പൂണിത്തുറയിലേക്ക് എത്തുന്നത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, ദിലീപ്, കാവ്യ മാധവൻ, മഞ്‌ജു പിള്ള, ടിനി ടോം, ബാബുരാജ്, സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്‌ജലി അർപ്പിക്കാൻ എത്തിയിരുന്നു.

Most Read: നായയെ അകാരണമായി ചവിട്ടാൻ ശ്രമിച്ച യുവാവ് മലർന്നടിച്ചു വീണു; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE