പ്രണയം ചിലപ്പോൾ അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാറുണ്ടെന്ന് സിനിമയിലും മറ്റും നാം കേട്ടിട്ടുണ്ടാകും. അത്തരത്തിലൊരു സംഭവമാണ് ഓസ്‌ട്രേലിയയിൽ നടന്നത്. ഒരു വൃദ്ധൻ തന്റെ 84 വയസുള്ള കാമുകിയെ നഴ്‌സിംഗ് ഹോമിൽ നിന്ന് പുറത്തുകടത്തി 4800 കിലോമീറ്റർ അകലേക്ക് കടത്താൻ ശ്രമിച്ചു.
ഡിമെൻഷ്യയും പാർക്കിൻസൺസ് രോഗവുമുള്ള കരോൾ ലിസ്‌ലെ എന്ന വൃദ്ധ പെർത്തിന് സമീപമുള്ള ഒരു നഴ്‌സിംഗ് ഹോമിൽ ആയിരുന്നു താമസം. ഇവരുടെ 80 വയസുള്ള കാമുകൻ റാൽഫ് ഗിബ്‌സ് ജനുവരി നാലിനാണ് അവിടേക്ക് കടന്നുവന്ന് ലിസ്‌ലയെ കടത്തിക്കൊണ്ട് പോയത്. തുടർന്ന് 4,800 കിലോമീറ്റർ അകലെയുള്ള ക്വീൻസ്‌ലാന്റിലെ അവരുടെ വീട്ടിലേക്ക് അയാൾ അവരേയും കൊണ്ട് കാറിൽ യാത്ര ചെയ്യുകയായിരുന്നു.
രണ്ടുദിവസത്തെ അന്വേഷണത്തിന് ശേഷം മരുഭൂമിയിൽ നിന്നാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്. 43 ഡിഗ്രി സെൽഷ്യസ് ചൂടിൽ യാത്ര ചെയ്‌തതിനാൽ ലിസ്‌ലയുടെ ആരോഗ്യനില തകരാറിലായിരുന്നു. തുടർന്ന്, ചികിൽസക്കായി അവരെ പോലീസ് വിമാനത്തിൽ പെർത്തിലേക്ക് കൊണ്ടുപോയി.
സ്വാതന്ത്ര്യം ഇല്ലാതാക്കിയതിനും ലിസ്‍ലയുടെ ജീവൻ അപകടത്തിലാക്കിയതിനും ഗിബ്‌സിനെതിരെ പോലീസ് കേസെടുത്തു. ഗിബ്‌സ് കുറ്റം സമ്മതിക്കുകയും ചെയ്‌തു. കോടതിയിൽ ഹാജരായ 80കാരൻ, ലെസ്‍ലയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്‌തതെന്നുമാണ് പറഞ്ഞത്. പങ്കാളിക്കൊപ്പം കഴിയുക എന്നതല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ലെന്നും മജിസ്‌ട്രേറ്റ് റെയ്‌ലിൻ ജോൺസ്‌റ്റൺ പറഞ്ഞു.
“നിങ്ങൾ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെന്നത് മനസിലാക്കുന്നു. നിങ്ങളുടെ പങ്കാളിയോട് കരുതലോടെയാണ് നിങ്ങൾ പെരുമാറിയതെന്നും അവളോടൊപ്പം ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും കോടതി അംഗീകരിക്കുന്നു. എന്നാൽ നിങ്ങളുടെ പെരുമാറ്റം അപകടകരമാണ്”; എന്ന് മജിസ്‌ട്രേറ്റ് പറഞ്ഞത്.
ഒടുവിൽ, 80കാരന് രണ്ട് വർഷത്തെ വിലക്കിനൊപ്പം ഏഴ് മാസത്തെ ജയിൽ ശിക്ഷയും വിധിച്ചു. നിലവിൽ, ശിക്ഷ കുറയ്‌ക്കുമോ എന്ന് സ്‌ഥിരീകരിച്ചിട്ടില്ല. വിലക്ക് നിലനിൽക്കുകയാണെങ്കിൽ, ഗിബ്‌സിന് ലെസ്‍ലിയെ വീണ്ടും കാണാൻ കഴിഞ്ഞേക്കില്ല.
Most Read: ചൊറിച്ചിൽ വന്നാൽ പിന്നെ ചൊറിഞ്ഞല്ലേ പറ്റൂ; എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല…