കൊച്ചി: എറണാകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം. റോഡിന് വശങ്ങളില് നിര്‍ത്തിയിട്ട കാറുകള്‍ ഉൾപ്പടെ 13ഓളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ കൊച്ചി ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപമാണ് അപകടം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാക്കനാട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. റോഡിന് വശത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയിലാണ് ബസ് ആദ്യം ഇടിച്ചത്. ഓട്ടോ തലകീഴായി മറിഞ്ഞു. ഇതിനു പിന്നാലെ റോഡിലുണ്ടായിരുന്ന നിരവധി കാറുകളിലും ഒന്നിനു പിറകെ ഒന്നായി ബസ് ചെന്നിടിച്ചു.
വാഹനങ്ങൾക്കെല്ലാം വലിയതോതിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുന്‍ഭാഗവും വശങ്ങളും പൂര്‍ണമായി തകര്‍ന്ന കാറുകളും ഇതിലുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
ബസിന്റെ ബ്രേക്ക് പെഡല്‍ പൊട്ടിയ നിലയിലാണ്. ബസ് അമിത വേഗതയിലാണ് വന്നതെന്നും ദൂരെനിന്നു ബസിന്റെ വരവ് കണ്ട് ആളുകള്‍ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. പോലീസെത്തി വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
Most Read: വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ചു; സൈനികനുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ








































