മഞ്ചേരി: വിഷം കഴിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലെ രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ചീഫ് നഴ്സിങ് ഓഫിസർ എന്നിവരാണ് അന്വേഷണം നടത്തുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ.കെവി നന്ദകുമാറിന്റെ നിർദ്ദേശ പ്രകാരം മൂന്നംഗ സംഘം ഇന്നലെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്വേഷണം രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് നിർദ്ദേശം.
പാണ്ടിക്കാട് തച്ചിങ്ങനാടം സ്വദേശിനി പള്ളിക്കരത്തൊടി കുഞ്ഞമ്മയുടെ മൃതദേഹമാണ് പോസ്റ്റുമോർട്ടമില്ലാതെ ആശുപത്രിയിൽ നിന്ന് വിട്ടുകൊടുത്തത്. കഴിഞ്ഞ മാസം 29ന് വിഷം കഴിച്ച് ചികിൽസയിൽ ആയിരുന്ന കുഞ്ഞമ്മ നാലിന് രാവിലെ ഒമ്പത് മണിയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. 11 മണിയോടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
വീട്ടിലെത്തിച്ച മൃതദേഹം അന്ത്യകർമങ്ങൾ നടത്തുന്നതിനിടെയാണ് ആശുപത്രിയിൽ നിന്ന് വിളിച്ച് മൃതദേഹം തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. അൽപ്പസമയത്തിനകം പോലീസും സ്ഥലത്തെത്തി. തുടർന്ന് മൃതദേഹം ഏറ്റെടുത്ത് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. തുടർന്നാണ് ബന്ധുക്കൾ ആശുപത്രിയുടെ അനാസ്ഥക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
Most Read: നവജാത ശിശുവിനെ തട്ടികൊണ്ട് പോകാൻ ശ്രമം; തിരച്ചിലിനൊടുവിൽ കണ്ടെത്തി







































